സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു!
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇതിന്റെ ഭാഗമായി 23-ാം തീയതി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ന്ന് 24-ാം തീയതി തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ അഞ്ച് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളവര്‍ പകല്‍ സമയത്ത് തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതാണ്.
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും സാഹചര്യം വിലയിരുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണം. ശക്തമായ കാറ്റില്‍ അപകട സാധ്യതയുള്ളതിനാല്‍ മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ കഴിയുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
പൊതുജനങ്ങള്‍ക്കായി അധികൃതര്‍ കര്‍ശന നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങളും പോസ്റ്റുകളും സുരക്ഷിതമാക്കേണ്ടതും, അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കേണ്ടതുമാണ്. ജലാശയങ്ങളിലും നദികളിലും കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങാന്‍ പാടില്ല. മലയോര മേഖലകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കുമുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ പൂര്‍ണ്ണമായും ഒഴിവാക്കണം. തീരദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.
റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ മുന്‍കൂട്ടി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ തങ്ങളുടെ പ്രദേശത്തെ ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും അവിടേക്കുള്ള സുരക്ഷിതമായ വഴികളും മുന്‍കൂട്ടി മനസ്സിലാക്കി വെക്കേണ്ടതാണ്. അത്യാഹിത ഘട്ടങ്ങളില്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും ഓര്‍മ്മിപ്പിക്കുന്നു.