ഉത്തരാഖണ്ഡില്‍ കനത്ത മഴ; മണ്ണിടിച്ചില്‍ മുന്നറിയിപ്പ് , ചാര്‍ധാം യാത്ര രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചു
ഉത്തരാഖണ്ഡിലെ കനത്ത മഴയില്‍ മണ്ണിടിച്ചില്‍ മുന്നറിയിപ്പ് നല്‍കി ഭരണകൂടം. ചാര്‍ധാം യാത്ര രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചു. സംസ്ഥാനത്ത് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്.
സംസ്ഥാനത്തെ പല ജില്ലകളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (കങഉ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ, ചാര്‍ധാം യാത്രാ പാതയിലെ പലയിടങ്ങളിലും ഉരുള്‍പൊട്ടല്‍ കാരണം ഗതാഗതം തടസ്സപ്പെട്ടു. ഈ സാഹചര്യത്തില്‍, ഗര്‍വാള്‍ കമ്മീഷണര്‍ ആനന്ദ് സ്വരൂപ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചാര്‍ധാം യാത്ര നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു.
കാലാവസ്ഥ മെച്ചപ്പെട്ട ശേഷം തീര്‍ത്ഥാടനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ജാഗ്രത പാലിക്കാനും അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
ഇന്ന് ഉത്തര്‍കാശി, ഡെറാഡൂണ്‍, തെഹ്രി, രുദ്രപ്രയാഗ്, ചമോലി, ബാഗേശ്വര്‍, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.