സംസ്ഥാനത്ത് മഴ കനക്കുന്നു, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും തെക്കൻ ഗുജറാത്ത് മുതൽ കർണാടക തീരം വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴ പ്രവചിക്കപ്പെട്ടതിനെത്തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ 24 മണിക്കൂറിൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനുപുറമെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ തുടരുമെന്നും തിങ്കളാഴ്ച വരെ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കൊപ്പം ശക്തമായ മഴയ്ക്കുള്ള സാധ്യതയുമുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച വരെയും കർണാടക തീരത്ത് ഞായറാഴ്ച വരെയും കടലിൽ പോകാൻ പാടില്ല. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.