കോഴിക്കോട് ശക്തമായ മഴ: കെ. എസ്.ഇ. ബി യുടെ വൈദ്യുതി സുരക്ഷാ ജാഗ്രതാ നിര്‍ദേശം
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി സംബന്ധമായ തകരാറുകളോ അപകടസാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉടന്‍തന്നെ കെ.എസ്.ഇ.ബി.എയെ അറിയിക്കണമെന്ന് നിര്‍ദേശം.
ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍- 1912, വാട്‌സ്ആപ്പ്: 9496001912, വൈദ്യുതി അടിയന്തര സേവനം: 9496010692 പരാതികളും അടിയന്തര വിവരങ്ങളും എന്നീ നമ്പറുകളില്‍ അറിയിക്കാം.
സുരക്ഷാ നിര്‍ദ്ദേശങ്ങള്‍
പൊട്ടിവീണ വൈദ്യുതി കമ്പികള്‍, തകരാറിലായ ലൈനുകള്‍, വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു കാരണവശാലും സമീപിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്.
അത്തരം സാഹചര്യങ്ങള്‍ കണ്ടാല്‍ മറ്റുള്ളവരെയും അപകടമേഖലയില്‍ നിന്ന് അകറ്റി നിര്‍ത്തുകയും മുകളില്‍ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ഉടന്‍ വിവരം അറിയിക്കുകയും ചെയ്യുക.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളില്‍ നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വ്യാപകമായ മഴക്കെടുതിയാണ്.
കോട്ടയം പാലായിലും ഈരാറ്റുപേട്ടയിലും കടകളിലും വീടുകളിലും വെള്ളം കയറി. ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് ശമനമായതോടെ ഇടുക്കി ഉപ്പുതറ, ചപ്പാത്ത്, ഏലപ്പാറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലെ ജനവാസമേഖലകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. പത്തനംതിട്ടയിലെ റാന്നിയിലും ആറന്മുളയിലും കനത്ത വെള്ളക്കെട്ടാണ്.