കേരളത്തിൽ മഴ ശക്തം, 11 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകൾ ഒഴികെയുള്ള മുഴുവൻ ജില്ലകളിലും ജാഗ്രത നിർദ്ദേശമുണ്ട്. മഴയുടെ തീവ്രതയും ജലനിരപ്പ് ഉയരുന്ന സാഹചര്യവും പരിഗണിച്ച് തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരും.
ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമായിരിക്കും. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജലാശയങ്ങളുടെ സമീപത്ത് ഉള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.