കണ്ണൂരിൽ ശക്തമായ മഴ: ആലക്കോട് ഉരുൾപൊട്ടലുണ്ടായി. മണ്ണിടിഞ്ഞ് പാൽച്ചുരം വഴിയുള്ള ഗതാഗതം തടസപ്പെട്ടു. ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു, കൃഷിയിടങ്ങൾ വെള്ളത്തിനടിയിൽ
കണ്ണൂർ: കണ്ണൂർ എളയാവൂരിൽ ദേശീയ പാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ. മൂന്ന് വർഷം മുൻപ് വൻ മണ്ണിടിച്ചിലുണ്ടായ സ്ഥലത്താണ് ഇന്ന് രാവിലെ സംരക്ഷണ ഭിത്തി തകർന്ന് 15 അടി താഴ്ചയിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായത്.
കനത്ത മഴയെ തുടർന്ന് ആലക്കോട് ഉരുൾപൊട്ടലുണ്ടായി. മണ്ണിടിഞ്ഞ് പാൽച്ചുരം വഴിയുള്ള ഗതാഗതം തടസപ്പെട്ടു. രാവിലെ 6 മണിയോടെയാണ് സംരക്ഷണഭിത്തി തകർന്ന് മണ്ണിടിഞ്ഞത് നാട്ടുകാർ കാണുന്നത്.
2023 ജൂലൈയിൽ ഈ പ്രദേശത്ത് വലിയ തോതിൽ മണ്ണിടിഞ്ഞിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് സംരക്ഷണ ഭിത്തി കെട്ടി മുകൾ ഭാഗത്ത് മണ്ണ് നിറച്ചത്. ഇതാണ് 15 അടി താഴ്ചയിലേക്ക് താഴ്ന്നത്.
നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് സംരക്ഷണ ഭിത്തി തകരാൻ കാരണമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി സണ്ണി ജോസഫും എംഎൽഎ ടി.ഒ. മോഹനനും കുറ്റപ്പെടുത്തി.
ദേശീയ പാത അതോറിറ്റി അധികൃതരോട് കണ്ണൂർ കളക്ടർ അടിയന്തര റിപ്പോർട്ട് തേടി. ജില്ലയുടെ മലയോര മേഖലകളിൽ ഇടവിട്ട് മഴ പെയ്യുകയാണ്.
രാവിലെ 9 മണിയോടെയാണ് പാൽച്ചുരത്തിൽ ചെകുത്താൻ തോടിന് സമീപം മണ്ണിടിഞ്ഞു. മഴ തുടരുന്നത് മണ്ണ് നീക്കത്തെ ബാധിക്കുന്നുണ്ട്. പാൽച്ചുരം വഴി പോകേണ്ട വാഹനങ്ങൾ നെടുന്പൊയിൽ പേര്യ ചുരം വഴി പോകണം. തളിപ്പറമ്പ് കുപ്പത്തിന് സമീപം സിഎച്ച് നഗറിലും വെള്ളം കയറി. ദേശീയ പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് പ്രശ്നമായത്.