ഇന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച കനത്ത മഴക്ക് പിന്നാലെ അതിശൈത്യം വരുമെന്ന് പ്രവചനം

 
DELHI RAIN


ന്യൂഡല്‍ഹി:ഇന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച കനത്ത മഴക്ക് പിന്നാലെ അതിശൈത്യം വരുമെന്ന് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും പുതിയ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ രൂപം കൊണ്ടതിനാല്‍ 2025-ല്‍ ഇന്ത്യയില്‍ ശക്തമായ മഴ ലഭിച്ചു. 


എല്‍ നിനോക്ക് പകരം പസഫിക് സമുദ്രത്തില്‍ സജീവമായ 'ലാ നിന' പ്രതിഭാസമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. ലാ നിന കാരണം ശൈത്യകാലത്ത് ഇന്ത്യയില്‍ കനത്ത തണുപ്പ് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ജലം സാധാരണയേക്കാള്‍ തണുക്കുന്ന ഒരു പ്രകൃതിദത്ത കാലാവസ്ഥാ പ്രതിഭാസമാണ് ലാ നിന. ഇതിന് വിപരീതമായി, എല്‍ നിനോ സമയത്ത് സമുദ്രജലം സാധാരണയേക്കാള്‍ ചൂടായിരിക്കും. 

ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നു. ലാ നിന സാധാരണയായി ഇന്ത്യയിലേക്ക് ശക്തമായ മണ്‍സൂണ്‍ മഴ കൊണ്ടുവരുമ്പോള്‍, ആഫ്രിക്കയുടെയും തെക്കേ അമേരിക്കയുടെയും ചില ഭാഗങ്ങളില്‍ വരള്‍ച്ചക്ക് കാരണമാകാറുണ്ട്.


അമേരിക്കന്‍ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (ചഛഅഅ) നടത്തിയ പഠനത്തില്‍, സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ലാ നിന വികസിക്കാനുള്ള സാധ്യത 53% ആണെന്ന് പ്രവചിക്കുന്നു. 2025 അവസാനത്തോടെ ഈ സാധ്യത 58% ആയി ഉയരുമെന്നും പറയുന്നു.

 ലാ നിന ആരംഭിച്ചുകഴിഞ്ഞാല്‍ 2026 വസന്തകാലം വരെ അതിന്റെ സ്വാധീനം നിലനില്‍ക്കും. അതിനാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പല ഏഷ്യന്‍ രാജ്യങ്ങളിലും കനത്ത തണുപ്പ് പ്രതീക്ഷിക്കാം.


പഴയ തലമുറ പറഞ്ഞിരുന്നത് പോലെ ഭൂമിയുടെ കാലാവസ്ഥയെല്ലാം തകിടം മറിഞ്ഞ് വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തിന്റെ സാധ്യതയാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ പ്രവചനം യാഥാര്‍ത്ഥ്യമായാല്‍, ഇന്ത്യ വരും മാസങ്ങളില്‍ അതിശൈത്യത്തിന് സാക്ഷ്യം വഹിക്കും. 


കാലാവസ്ഥാ വ്യതിയാനം കാരണം എല്‍ നിനോയും ലാ നിനയും കൂടുതല്‍ തീവ്രതയോടെ സംഭവിക്കാമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.

Tags

Share this story

From Around the Web