വനമേഖലയില്‍ കനത്ത മഴ; മലപ്പുറത്ത് രൂക്ഷമായ മലവെള്ളപ്പാച്ചില്‍, സാധാരണ ജനവാസ മേഖലകളില്‍ ലഭിക്കുന്നതിനേക്കാള്‍ അതിശക്തമായ മഴയാണ് വനത്തിനുള്ളില്‍ പെയ്യുന്നത്

 
Rain


 
മലപ്പുറം: വനമേഖലകളില്‍ മഴ കനത്തതോടെ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, തരിശ് മേഖലകളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രൂക്ഷമായ മലവെള്ളപ്പാച്ചില്‍.

 പുഴകളിലും തോടുകളിലും ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്ന ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.

 ഇതിനിടെ തരിശ്  മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിയത് ഗതാഗത തടസ്സത്തിനും നാട്ടുകാരില്‍ ആശങ്കയ്ക്കും വഴിവെച്ചു. ഒലിപ്പുഴയിലും വെള്ളത്തിന്റെ അളവ് അതിവേഗം ഉയരുകയാണ്.

സാധാരണ ജനവാസ മേഖലകളില്‍ ലഭിക്കുന്നതിനേക്കാള്‍ അതിശക്തമായ മഴയാണ് വനത്തിനുള്ളില്‍ പെയ്യുന്നത്. ഇതാണ് മലവെള്ളപ്പാച്ചിലിനും പുഴകളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരുന്നതിനും കാരണമാകുന്നത്. ഞായറാഴ്ച വൈകിട്ടോടെ ആരംഭിച്ച ശക്തമായ ഒഴുക്ക് തിങ്കളാഴ്ചയും തുടര്‍ന്നു.

 പകല്‍ സമയത്താണ് തരിശ്  മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിയത്. കല്‍ക്കുണ്ട് മേഖലയിലെ ജനവാസ പ്രദേശങ്ങള്‍ക്ക് സമീപത്തും അതിശക്തമായ തോതിലാണ് മലവെള്ളപ്പാച്ചില്‍ അനുഭവപ്പെട്ടത്.

മഴയുടെ തീവ്രത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതരും നാട്ടുകാരും നിര്‍ദ്ദേശിച്ചു.

 പെട്ടെന്ന് വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലോ തോടുകളിലോ ഇറങ്ങുന്നതും ഒഴുക്കുള്ള വെള്ളത്തിലൂടെ കടന്നുപോകുന്നതും വലിയ അപകടമുണ്ടാക്കും. 

പ്രദേശത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കേരളാംകുണ്ട് ഉള്‍പ്പെടെയുള്ള സാഹസിക ടൂറിസം മേഖലകളില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. 

വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ബന്ധുവീടുകളിലേക്കോ മാറിത്താമസിക്കാന്‍ പ്രദേശവാസികള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
 

Tags

Share this story

From Around the Web