ആലപ്പുഴയിൽ കനത്ത മഴക്കെടുതി, കടൽക്ഷോഭത്തിൽ വീട് തകർന്നു, മങ്കൊമ്പിൽ വ്യാപക മടവീഴ്ച

 
ALALA

ആലപ്പുഴ: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടയിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും വെള്ളം കയറുകയും തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാകുകയും ചെയ്തു.

പുറക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കടൽക്ഷോഭത്തിൽ അനീഷ് രാജേന്ദ്രന്റെ വീട് ഭാഗികമായി തകർന്നു. കുടുംബത്തെ സുരക്ഷിതമായി പുറക്കാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്തെ ഏഴോളം വീടുകളിൽ കടലേറ്റം ഉണ്ടായിട്ടുണ്ട്. ഇതിനിടയിൽ മടവീഴ്ചയെ തുടർന്ന് വെള്ളം കയറി മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിലെ പത്തോളം ഏക്കർ കൃഷി പൂർണ്ണമായും നശിച്ചു. 

വെള്ളം സുഗമമായി കടലിലേക്ക് ഒഴുക്കിക്കളയുന്നതിനായി തോട്ടപ്പള്ളി പൊഴിമുഖം കൂടുതൽ മുറിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 70 മീറ്ററോളം മാത്രമാണ് പൊഴി മുറിഞ്ഞിട്ടുള്ളത്. കുട്ടനാട്ടിൽ നിന്നുള്ള വെള്ളം സുഗമമായി കടലിലേക്ക് പോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കോട്ടയം ജില്ലയിലും കനത്ത മഴ തുടരുകയാണ്. രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. ജില്ലയിൽ തുറന്നിട്ടുള്ള 154 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,321 പേരാണ് നിലവിൽ കഴിയുന്നത്. വെള്ളത്തിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ചെല്ലാനം മുതൽ അഴീക്കൽ വരെയുള്ള തീരപ്രദേശങ്ങളിൽ നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കർശന ജാഗ്രത പാലിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും വിനോദങ്ങളും പൂർണ്ണമായി ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags

Share this story

From Around the Web