കനത്ത മഴ: 2018 ആവര്‍ത്തിക്കില്ലെന്ന് ആരും തെറ്റിദ്ധരിക്കേണ്ട, ജാഗ്രത പാലിക്കുക; അടുത്ത 24 മണിക്കൂര്‍ അതീവ നിര്‍ണ്ണായകം. മുന്നറിയിപ്പുമായി ജനപ്രതിനിധികള്‍

 
flood kerala


പത്തനംതിട്ട: കനത്ത മഴയെത്തുടര്‍ന്ന് ആറന്മുളയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. മന്ത്രി പി.സി. വിഷ്ണുനാഥ്, അബിന്‍ വര്‍ക്കി എംഎല്‍എ, ആന്റോ ആന്റണി എം.പി, കളക്ടര്‍ നിസാമുദ്ദീന്‍ എന്നിവര്‍ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

ആറന്മുളയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയതോടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു വരികയാണ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ ഉടന്‍തന്നെ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള ദുരിദാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

2018ലെ പ്രളയ സാഹചര്യം ആവര്‍ത്തിക്കില്ലെന്ന തെറ്റിദ്ധാരണയില്‍ പലരും വീടുകളില്‍തന്നെ തുടരുന്നത് അപകടകരമാണെന്ന് പി.സി. വിഷ്ണുനാഥ് മുന്നറിയിപ്പ് നല്‍കി. 'രാത്രിയില്‍ മഴ കനക്കുകയും വെള്ളം ഉയരുകയും ചെയ്താല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകും, അതിനാല്‍ റിസ്‌ക് എടുക്കാതെ എല്ലാവരും ക്യാമ്പുകളിലേക്ക് മാറണം.' അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


ആവശ്യമായ ഇടങ്ങളില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യം നേരിടാന്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും എന്‍ഡിആര്‍എഫിന്റെ പ്രത്യേക സംഘവും സജ്ജമാണെന്ന് അബിന്‍ വര്‍ക്കി അറിയിച്ചു.

റാന്നിയില്‍ ജലനിരപ്പ് താഴുമ്പോള്‍ ആറന്മുളയില്‍ വെള്ളം ഇരട്ടിയായി ഉയരാന്‍ സാധ്യതയുണ്ടെന്നതാണ് നിലവിലെ പ്രധാന ആശങ്ക. പമ്പയാറ്റിലൂടെ ഒഴുകിയെത്തുന്ന വെള്ളം കരകവിഞ്ഞ് ആറന്മുളയില്‍ വലിയ ആഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. 

അതിനാല്‍ അടുത്ത 24 മണിക്കൂര്‍ അതീവ നിര്‍ണ്ണായകമാണെന്നും സഹായത്തിനായി പഞ്ചായത്ത് അംഗങ്ങളെയോ റവന്യൂ ഉദ്യോഗസ്ഥരെയോ ബന്ധപ്പെടണമെന്നും ജനപ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. 

Tags

Share this story

From Around the Web