ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; യമുനാ നദിയില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ശക്തമായ മഴ യമുനാ നദിയില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ എത്തിച്ചു. യമുനാ നദിയില്‍ 206 മീറ്ററിന് മുകളില്‍ ജലനിരപ്പ് തുടര്‍ന്നാല്‍ പ്രതിസന്ധി രൂക്ഷമാകും.
നിലവില്‍ പ്രതിസന്ധി രൂക്ഷമായ യമുന ബസാര്‍,നിഗംബോദ്ഘട്ട്, ഗീത കോളനിയില്‍ നിന്നും പതിനായിരത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വീട്ടുപകരണങ്ങളും രേഖകളും വെള്ളത്തിലായി.
ഹിമാചലിലെ മാണ്ഡി സുന്ദേര്‍ നഗറില്‍ ഇന്നലെയുണ്ടായ മണ്ണിടിച്ചിലില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പഞ്ചാബിലെ വെള്ളപ്പൊക്കത്തില്‍ മരണം 35 കടന്നു. 300 ഓളം കന്നുകാലികള്‍ ഒലിച്ചുപോയി. 58 വീടുകള്‍ പൂര്‍മായും തകര്‍ന്നു. മഴ ശക്തമായതോടെ സെപ്റ്റംബര്‍ ഏഴ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
1955 ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത്. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്.
നോയിഡ, ഗുരുഗ്രാം തുടങ്ങിയ ഇടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത മഴ റോഡ്, റെയില്‍ , വിമാന സര്‍വീസുകളെയും സാരമായി ബാധിച്ചു. പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം എന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രണ്ട് ദിവസത്തേക്ക് കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.