ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; മേഘവിസ്‌ഫോടനത്തിനിടെ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരും

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. ജമ്മു കാശ്മീരില്‍ മരണം 41 ആയി ഉയര്‍ന്നു. വൈഷ്‌ണോ ദേവി തീര്‍ത്ഥാടന യാത്രയ്ക്കിടെയുണ്ടായ മണ്ണിടിച്ചിലില്‍ 31 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
നദികളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരോട് ജാഗ്രത നിര്‍ദ്ദേശം പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഡോഡയിലെ മേഘവിസ്‌ഫോടനത്തിനിടെ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരും. ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.
പഞ്ചാബ് ഹരിയാന ദില്ലി എന്നിവിടങ്ങളിലും പ്രളയ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട് . രണ്ടുദിവസത്തേക്ക് കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മോശം കാലാവസ്ഥയെ തുടർന്ന് ജമ്മു കശ്മീരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അടച്ചിടും. മഴക്കെടുതി രൂക്ഷമായതോടെ ജമ്മു, കത്ര സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള 58 ട്രെയിനുകൾ റദ്ദാക്കാൻ നോർത്തേൺ റെയിൽവേ ഉത്തരവിട്ടു.താവി ചനാബ് നദികളില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്.
താവി നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. കുടുങ്ങിക്കിടന്ന 3500ലധികം ആളുകളെ രക്ഷപ്പെടുത്തി. മേഖലയില്‍ വൈദ്യുതി ഇന്റര്‍നെറ്റ് സംവിധാനവും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.