ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; പഞ്ചാബ് ഉത്തരാഖണ്ഡ്, ഹരിയാന, ഒഡിഷ സംസ്ഥാനങ്ങളില്‍ പ്രളയ മുന്നറിയിപ്പ്

 
flood

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹരിയാന, ഒഡിഷ സംസ്ഥാനങ്ങളില്‍ പ്രളയമുന്നയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പേമാരിക്കൊപ്പമെത്തിയ പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ജമ്മുകശ്മീരിലെ വൈഷ്‌ണോ ദേവി തീര്‍ത്ഥാടന യാത്രക്കിടെയുണ്ടായ മണ്ണിടിച്ചിലില്‍ മരണം 31 ആയി ഉയര്‍ന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

താവി ചനാബ് നദികളില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. താവി നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. കുടുങ്ങിക്കിടന്ന 3500ലധികം ആളുകളെ രക്ഷപ്പെടുത്തി. മേഖലയില്‍ വൈദ്യുതി ഇന്റര്‍നെറ്റ് സംവിധാനവും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

കനത്ത മഴ റോഡ് റെയില്‍, വിമാന ഗതാഗതത്തെയും സാരമായി ബാധിച്ചു. ജമ്മു ശ്രീ നഗര്‍ ദേശീയ പാത അടച്ചത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം നേരിടുന്നതായി എസ് ഡി ആര്‍ എഫ് സംഘം വ്യക്തമാക്കി.

ഡാമുകള്‍ തുറന്നത് പഞ്ചാബിലും പ്രളയ ഭീഷണി നേരിടുന്നതിന് കാരണമായി. താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കാനുള്ള നിര്‍ദേശം ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ധരാളിയില്‍ ഒഴുക്കില്‍ പെട്ടവര്‍ക്കായുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. ഹരിയാനയിലെ അംബാലയില്‍ 200 ലധികം കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു.

ദില്ലി യമുന നദിയിലെ ജലനിരപ്പ് അപകടാസ്ഥയില്‍ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് വിവിധ മേഖലകളില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

വരും മണിക്കൂറുകളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ന്ല്‍കുന്ന മുന്നറിയിപ്പ്

Tags

Share this story

From Around the Web