അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച വെളുപ്പിന് 2.30-ന് പുറത്തുവിട്ട അറിയിപ്പ് പ്രകാരം ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.
മഴ കനക്കുന്ന സാഹചര്യത്തില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും മഴമൂലം വാഹനങ്ങളിലെ കാഴ്ച മങ്ങാനും സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുന്നത് വൈദ്യുതി തടസ്സത്തിനും മറ്റ് അപകടങ്ങള്‍ക്കും കാരണമായേക്കാം.
വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗികമായ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായും അറിയിപ്പില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിതമായ മേഖലകളില്‍ തന്നെ തുടരണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അറിയിപ്പുണ്ട്.