ഇടുക്കിയില്‍ കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും,മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധിച്ചു
ഇടുക്കി: ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മലയോര മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി.
സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി രാത്രി ഏഴ് മ മുതല്‍ രാവിലെ ആറ് മണിവരെ മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.
കൂടാതെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നത് വരെ ജില്ലയിലെ മുഴുവന്‍ സാഹസിക വിനോദ കേന്ദ്രങ്ങളും അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മൂന്നാറില്‍ പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പഴയ മൂന്നാറില്‍ നിന്നുള്ള വാഹനങ്ങള്‍ സിഎസ്‌ഐ പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡില്‍ പ്രവേശിച്ച്, പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്നാണ് നിലവില്‍ ടൗണിലേക്ക് പോകേണ്ടത്.
ഇതിനിടയില്‍ അടിമാലി പഴമ്പള്ളിച്ചാലില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍നിര്‍ത്തി അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പലയിടത്തും മരങ്ങള്‍ വീണിട്ടുണ്ടെങ്കിലും അടിമാലി മേഖലയില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
എങ്കിലും നേര്യമംഗലം വാളറ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതിനെ തുടര്‍ന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ടുള്ളത്.
ഈ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.