കനത്ത മഴ: ഡാര്‍ജിലിംഗില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ക്ക് ദാരുണാന്ത്യം, ഇരുമ്പ് പാലം ഒലിച്ചുപോയി

 
DARJILING


ബംഗാള്‍:ബംഗാളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഡാര്‍ജിലിംഗില്‍ ആറ് പേര്‍ മരിച്ചു. കനത്ത മഴയെത്തുടര്‍ന്ന് മിരിക്കില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് ആറ് പേര്‍ മരിച്ചത്.

 രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് നിരവധി റോഡുകള്‍ തകര്‍ന്നു, ആശയവിനിമയം വിച്ഛേദിക്കപ്പെട്ടു. 

വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. സിക്കിം, കലിംപോങ് എന്നിവയുമായുള്ള ആശയവിനിമയം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടതായി ഭരണകൂടം അറിയിച്ചു.

സിലിഗുരിയെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന ബദല്‍ പാതയായ ദേശീയപാത 717ഇ-യില്‍ പെഡോങ്, ഋഷികോല എന്നിവിടങ്ങള്‍ക്കിടയിലുണ്ടായ മണ്ണിടിച്ചില്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിപ്പിച്ചു. 

റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കനത്ത മഴ കാരണം ഏറെ വെല്ലുവിളിയാണെന്ന് അധികൃതര്‍ അറിയിച്ചു.


ഡാര്‍ജിലിംഗ് ജില്ലയിലെ പ്രധാന നഗരങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളായ മിരിക്കിനെയും കുര്‍സിയോങ്ങിനെയും ബന്ധിപ്പിച്ചിരുന്ന ദുധിയ ഇരുമ്പ് പാലവും തകര്‍ന്നു. ഇത് മേഖലയിലെ ഗതാഗതത്തെ പൂര്‍ണ്ണമായി ബാധിച്ചു. 

ഇതിനുപുറമെ, കുര്‍സിയോങ്ങിനടുത്ത് ദേശീയപാത 110-ല്‍ ഹുസൈന്‍ ഖോലയില്‍ (ഔമൈശി ഗവീഹമ) മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ പ്രധാന റോഡുകള്‍ അടഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു.

ഡാര്‍ജിലിംഗ് സന്ദര്‍ശിക്കുന്നവര്‍ക്ക് രോഹിണി റോഡ് ഒരു പരിചിതമായ പേരാണ്. ശനിയാഴ്ച രാത്രിയിലെ മഴ കാരണം ആ റോഡിന്റെ അവസ്ഥയും ദയനീയമാണ്. റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു നദിയിലേക്ക് വീണു. രാവിലെ ജിടിഎ ഒരു ദുരന്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

റോക്ക് ഗാര്‍ഡനും ടൈഗര്‍ ഹില്ലും തല്‍ക്കാലം വിനോദസഞ്ചാരികള്‍ക്ക് അടച്ചിട്ടിരിക്കുകയാണെന്ന് അതില്‍ പറയുന്നു. ദുരന്തമുണ്ടായാല്‍ വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags

Share this story

From Around the Web