കനത്ത മഴ; ഇടുക്കിയില്‍ ജല - സാഹസിക വിനോദങ്ങള്‍ക്ക് നിയന്ത്രണം

ഇടുക്കി: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജല വിനോദങ്ങള്‍ക്കും, സാഹസിക വിനോദങ്ങള്‍ക്കും ഇന്നും നാളെയും നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു.
ഈ ദിവസങ്ങള്‍ കഴിഞ്ഞും ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുകയാണെങ്കില്‍ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സാഹസിക വിനോദങ്ങള്‍ക്ക് നേരത്തെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും അത് പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ഇത് പൂര്‍ണമായി ഒഴിവാക്കി ആളുകള്‍ സഹകരിക്കണം എന്നും ഉത്തരവില്‍ പറയുന്നു.
രാത്രികാലങ്ങളില്‍ മലയോര മേഖലകളിലേക്കുള്ള അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം. പ്രധാനമായും നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗത്ത് ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണെടുത്ത് മാറ്റിയ പ്രദേശമായതിനാല്‍ ഇവിടേക്കുള്ള യാത്രകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാപ്രദേശിന്റെയും തെക്കന്‍ ഒഡിഷ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.