കനത്ത മഴ; സംസ്ഥാനത്തെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ (05082026) അവധി നല്‍കിയത്. കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി.
ആലപ്പുഴ, വയനാട് ജില്ലകളില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി നല്‍കി ജില്ലാ കളക്ടര്‍ ഷാജി വി നായര്‍ ഉത്തരവിറക്കി.
പത്തനംതിട്ടയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും മാറ്റമില്ല. പത്തനംതിട്ട ജില്ലയില്‍ നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ട് ആണ്. സംസ്ഥാനത്തെ മഴക്കെടുതിയില്‍ കെ ടെറ്റ് പരീക്ഷ കേന്ദ്രങ്ങളില്‍ മാറ്റമുണ്ട്. മഴക്കെടുതി ബാധിക്കാത്ത കേന്ദ്രങ്ങളില്‍ ഓഗസ്റ്റ് 8,9 തീയതികളിലെ പരീക്ഷ നടക്കും.
തിരുവല്ല എം ജി എം എച്ച് എസ് ന് പകരം തിരുവല്ല എസ് സി എസ് എച്ച് എസ് ല്‍ പരീക്ഷ നടക്കും. കുട്ടനാട് വിദ്യാഭ്യാസ ജില്ല കിടങ്ങറ ഗവണ്മെന്റ് എച്ച് എസ് എസ് ന് പകരം ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് എച്ച് എസ് എസ് ല്‍ നടക്കും. നിലവില്‍ ലഭ്യമായ ഹാള്‍ടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷ എഴുതാം.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രികാല യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നാലാം ദിവസവും ഊര്‍ജിതമായി തുടരുകയാണ്. ജനങ്ങളുടെ സുരക്ഷയും ദുരിതാശ്വാസവുമാണ് പ്രഥമ പരിഗണനയെന്ന് റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചു.
ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീട്ടിലേക്ക് മടങ്ങുന്നത് വരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇതേ രീതിയില്‍ തന്നെ തുടരും. സംസ്ഥാനത്ത് 418 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 18,434 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
നദീതീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മഴക്കെടുതി യുമായുള്ള എല്ലാ കാര്യത്തിനും ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു