തീവ്ര മഴ മുന്നറിയിപ്പ്! തിരുവനന്തപുരത്ത് അടുത്ത 3 മണിക്കൂറില്‍ റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇതിന് പുറമെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. ഈ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കി.മീ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കാം. അതേസമയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റോടു കൂടി നേരിയതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.