കനത്ത മഴ. പാംബ്ല ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് 10 മണി മുതല്‍ തുറക്കാന്‍ ഇടുക്കി ജില്ലാ കളക്ടറിന്റെ ഉത്തരവ്
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് പാംബ്ല ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാത്രി 10 മണി മുതല്‍ തുറക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന കാരണം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടി. നിലവില്‍ ഡാമിലെ ജലനിരപ്പ് 252.10 മീറ്ററാണ്, ഇത് റെഡ് അലര്‍ട്ട് നിലയായ 252 മീറ്ററിന് മുകളിലെത്തിയതിനെത്തുടര്‍ന്ന് എമര്‍ജന്‍സി പ്ലാനിങ് മാനേജര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
ഡാമിലെ ഷട്ടറുകള്‍ ആവശ്യാനുസരണം ഉയര്‍ത്തി 500 ക്യുമെക്‌സ് വരെ ജലം പുറത്തേക്ക് ഒഴുക്കി വിടാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഡാമിന്റെ പരമാവധി സംഭരണശേഷി 253 മീറ്ററാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.