കോട്ടയത്ത് കനത്ത നാശനഷ്ടം. മരിച്ചവരുടെ കുടുംബത്തിന് അടിയന്തരധനസഹായം, വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം
കോട്ടയം: കനത്ത മഴയില്‍ വന്‍ തോതില്‍ നാശനഷ്ടങ്ങളുണ്ടായ ഈരാറ്റുപേട്ട, പൂഞ്ഞാര്‍ മേഖലകളില്‍ അടിയന്തര ദുരന്തനിവാരണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയുടെ ചുമതലയുള്ള ജലവിഭവ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പൂഞ്ഞാര്‍ തെക്കേക്കരയില്‍ പ്രകൃതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു കുടുംബത്തിന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍തന്നെ ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നടപടികള്‍ സ്വീകരിക്കും.
നഷ്ടമുണ്ടായ വ്യാപാരികള്‍ക്കും അര്‍ഹമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെ ദുരന്തങ്ങളിലെ നഷ്പപരിഹാരത്തുക കിട്ടാനുള്ളവര്‍ക്ക് അത് നല്‍കാന്‍ നടപടിയുണ്ടാകും.
ദുരന്തബാധിതരെയും ദുരന്ത സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെയും അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ഇതിനു ചെലവാകുന്ന തുക ജില്ലാ കളക്ടര്‍ വഴി സര്‍ക്കാര്‍ നല്‍കും. ദുരിത ബാധിതര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഈരാറ്റുപേട്ടയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കാന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദുരിത ബാധിതരായ കര്‍ഷകരുടെയും വ്യാപാരികളുടെയും ബാങ്ക് ലോണുകള്‍ക്ക് ആറു മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കുന്നത് പരിഗണിക്കണമെന്നും നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കണമെന്നും ആന്റോ ആന്റണി എംപി യോഗത്തില്‍ ആവശ്യപ്പെട്ടു.
ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് എമര്‍ജന്‍സി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമിന് രൂപം നല്‍കണം. ഈരാറ്റുപേട്ടയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കണം - അദ്ദേഹം നിര്‍ദ്ദേശിച്ചു.
പോലീസും റവന്യൂ അധികൃതരും ജനപ്രതിനിധികളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും ജനങ്ങള്‍ തയ്യാറാകണമെന്ന് എം.ജെ. സെബാസ്റ്റ്യന്‍ എം. എല്‍. എ നിര്‍ദ്ദേശിച്ചു. കഴിയുന്നത്ര വേഗം വൈദ്യുതി വിതരണം പുനരാരംഭിക്കണമെന്ന് അദ്ദേഹം കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.