എറണാകുളത്ത് ഇടിമിന്നലില്‍ കനത്ത നാശനഷ്ടം; വെങ്ങോലയില്‍ പത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍

 
RAIN



എറണാകുളം: എറണാകുളത്ത് ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് കനത്ത നാശനഷ്ടം. വെങ്ങോല പഞ്ചായത്തിലെ പാലായ്ക്കുന്ന് ഭാഗത്താണ് ഇടിമിന്നലേറ്റ് പത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. വീടുകളിലെ വയറിങ്ങും ഇലക്ട്രോണിക് ഉപകരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു. അമ്പാട്ട് സാറാമ്മ വര്‍ഗീസിന്റെ വീട്ടില്‍ വയറിങ്ങും ഉപകരണങ്ങളും പൂര്‍ണ്ണമായി നശിക്കുകയും, മുറ്റത്തെ ടൈലുകള്‍ പൊട്ടി സമീപത്തെ വീടുകളിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.

അതേസമയം, സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. വരുന്ന ഒക്ടോബര്‍ 9 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


അടുത്ത ദിവസങ്ങളിലും വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ (സെപ്റ്റംബര്‍ 6) ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, വെള്ളിയാഴ്ച (ഒക്ടോബര്‍ 9) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Tags

Share this story

From Around the Web