കേരളത്തില്‍ ചൂട് വര്‍ദ്ധിക്കുന്നു.സൂര്യാഘാത ജാഗ്രതയുമായി ദുരന്ത നിവാരണ അതോറിറ്റി
കേരളത്തില്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും മദ്യം, കാപ്പി, ചായ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിനൊപ്പം പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ പാദരക്ഷകളോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുകയും ഒആര്‍എസ് ലായനി, സംഭാരം എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും വേണം.
നിര്‍മ്മാണത്തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ ജോലി സമയം പുനഃക്രമീകരിക്കുകയും ഇടവേളകളില്‍ വിശ്രമം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കായി ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം. വെയിലേല്‍ക്കുന്ന രീതിയിലുള്ള അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കണം. കിടപ്പുരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ഇവര്‍ ഉച്ചസമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ മുന്‍കരുതലുകള്‍ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.
ചൂട് കൂടുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റുകളിലും മാലിന്യ കേന്ദ്രങ്ങളിലും തീപിടുത്ത സാധ്യത കൂടുതലായതിനാല്‍ ഫയര്‍ ഓഡിറ്റും സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണം. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ പടരാതിരിക്കാന്‍ ജാഗ്രത പാലിക്കണം.
പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പങ്കെടുക്കുന്നവര്‍ക്ക് തണലും കുടിവെള്ളവും ഉറപ്പാക്കണം. യാത്രക്കാര്‍ എപ്പോഴും കുടിവെള്ളം കയ്യില്‍ കരുതുന്നത് നിര്‍ജലീകരണം തടയാന്‍ സഹായിക്കും.
മനുഷ്യരെപ്പോലെ തന്നെ കന്നുകാലികളുടെയും മറ്റ് വളര്‍ത്തുമൃഗങ്ങളുടെയും കാര്യത്തില്‍ കരുതലുണ്ടാകണം. ഉച്ചവെയിലില്‍ ഇവയെ മേയാന്‍ വിടുന്നതോ വെയിലത്ത് കെട്ടിയിടുന്നതോ ഒഴിവാക്കണം. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ജലലഭ്യത ഉറപ്പാക്കണം.
യാതൊരു കാരണവശാലും കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി സംഭരിക്കാനും ശ്രദ്ധിക്കണം.
അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം. കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക അറിയിപ്പുകള്‍ കൃത്യമായി ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക. ചൂടിനെ പ്രതിരോധിക്കാന്‍ ഒത്തൊരുമിച്ചുള്ള ജാഗ്രതയാണ് ആവശ്യമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.