യൂറോപ്പിൽ ഉഷ്ണതരംഗം തീവ്രം; 1300-ലധികം മരണം, ജർമ്മനിയിലും പോളണ്ടിലും റെക്കോർഡ് ചൂട്, പ്രതിരോധ പദ്ധതികൾ ശക്തമാക്കാൻ ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം
ഡല്‍ഹി: യൂറോപ്യന്‍ ഭൂഖണ്ഡത്തെ ചുട്ടുപൊട്ടിക്കുന്ന കടുത്ത ഉഷ്ണതരംഗത്തെ തുടര്‍ന്ന് ജൂണ്‍ 21 മുതല്‍ ഇതുവരെ 1,300-ലധികം പേര്‍ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ദശലക്ഷക്കണക്കിന് ജനങ്ങളാണ് കടുത്ത താപനിലയെ അഭിമുഖീകരിക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളിലെ വീടുകളും ഓഫീസുകളും വിദ്യാലയങ്ങളും ഇത്തരം കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ തക്കവണ്ണം നിര്‍മ്മിച്ചവയല്ലെന്നും, അതിനാല്‍ ഈ ഉഷ്ണതരംഗം ഒരു 'നിശ്ശബ്ദ കൊലയാളി'യായി മാറിയിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്റോസ് അദാനോം ഗെബ്രിയേസൂസ് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസങ്ങളില്‍ ജര്‍മ്മനിയില്‍ 41.7സെല്‍ഷ്യസും പോളണ്ടില്‍ 40.5 സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില കുറിച്ചു. ഫ്രാന്‍സില്‍ മാത്രം കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷം പ്രതീക്ഷിച്ചതിലും ആയിരത്തോളം മരണങ്ങള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കടുത്ത ചൂടിനെ തുടര്‍ന്ന് ജര്‍മ്മനിയിലെ പല വനമേഖലകളിലും വന്‍ കാട്ടുതീ പടര്‍ന്നുപിടിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്തെ ഉപേക്ഷിക്കപ്പെട്ട ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും നിറഞ്ഞ വനങ്ങളായതിനാല്‍ ഇവിടെ സ്‌ഫോടനങ്ങളുണ്ടായത് രക്ഷാപ്രവര്‍ത്തനം അതീവ സങ്കീര്‍ണ്ണമാക്കി.
ഗ്രീസിലെ അഞ്ച് മേഖലകളില്‍ കാട്ടുതീ പടരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, തലസ്ഥാന നഗരമായ ബെര്‍ലിനില്‍ എത്തിയ വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസം പകരാന്‍ ജര്‍മ്മന്‍ പോലീസ് വേറിട്ടൊരു വഴി കണ്ടെത്തി.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സാധാരണയായി ഉപയോഗിക്കുന്ന രണ്ട് വലിയ ജലപീരങ്കികള്‍ ചരിത്രപ്രസിദ്ധമായ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റിന് മുന്നില്‍ സ്ഥാപിച്ച് അവര്‍ ജനക്കൂട്ടത്തിന് മേല്‍ തണുത്ത വെള്ളം തളിച്ചു.
ഉഷ്ണതരംഗം യൂറോപ്പിലെ അടിസ്ഥാന സൗകര്യങ്ങളെയും കനത്ത രീതിയില്‍ ബാധിച്ചു. ചൂട് കാരണം റോഡുകള്‍ വിണ്ടുകീറുകയും റെയില്‍വേ ട്രാക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ജര്‍മ്മനിയിലെ ബ്രാന്‍ഡന്‍ബര്‍ഗില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും എയര്‍കണ്ടീഷണറുകള്‍ പ്രവര്‍ത്തിക്കാതാവുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു അന്താരാഷ്ട്ര ട്രെയിനിലെ അറുന്നൂറിലധികം യാത്രക്കാരെയാണ് ശ്വാസം മുട്ടുന്ന അവസ്ഥയില്‍ ദുരന്തനിവാരണ സേന വാതിലുകള്‍ തകര്‍ത്ത് പുറത്തെത്തിച്ചത്.
കടുത്ത ചൂടിന് പിന്നാലെ സ്വീഡന്‍, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും അനുഭവപ്പെട്ടു. സ്വീഡനിലെ ഒരു തീം പാര്‍ക്കില്‍ ഇടിമിന്നലേറ്റ് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി അടിയന്തര 'ഹീറ്റ് ഹെല്‍ത്ത് ആക്ഷന്‍ പ്ലാനുകള്‍' നടപ്പിലാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.