ചൂട് കൂടുന്നു, കറണ്ട് പോകും.സംസ്ഥാനത്ത് ഇന്നും പവര്‍കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി
തിരുവനന്തപുരം: കടുത്ത ചൂടിനെത്തുടര്‍ന്ന് ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ്.
എല്‍നിനോ പ്രതിഭാസം മൂലമുണ്ടായ മഴക്കുറവും അന്തരീക്ഷ താപനിലയിലെ വര്‍ദ്ധനവും കാരണം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത റെക്കോര്‍ഡിലേക്ക് നീങ്ങുകയാണ്. ജനങ്ങളുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ് വീണ്ടുമൊരു വൈദ്യുതി നിയന്ത്രണത്തിന് ബോര്‍ഡ് ഒരുങ്ങുന്നത്.
ഇന്നത്തെ വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇതോടെ പവര്‍ എക്‌സ്‌ചേഞ്ച് വഴി അധികമായി വൈദ്യുതി വിലയ്ക്ക് വാങ്ങാന്‍ കെഎസ്ഇബി ശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകുന്നില്ല.
പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ കാര്യമായ കുറവ് നേരിട്ടാല്‍ ഇന്ന് വൈകുന്നേരങ്ങളില്‍ ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു.