മനസ് നിറഞ്ഞ ചിരി;പൊലീസിന്റെ പിടിയിലായ പ്രതികളുടെ ഫോട്ടോ വൈറല്‍, ജമ്മു കശ്മീര്‍ പൊലീസാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്

 
JANMKU KASHIR VIRA;


ശ്രീനഗര്‍: വിവിധ കേസുകളില്‍ പിടികൂടുന്ന പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറും മാധ്യമങ്ങള്‍ക്ക് നല്‍കാറുമുണ്ട്. ജമ്മു കശ്മീര്‍ പൊലീസ് കഴിഞ്ഞ ദിവസം പങ്കുവെച്ച രണ്ട് പ്രതികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ നിരവധി രസകരമായ മീമുകള്‍ക്കും കമന്റുകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. നിറഞ്ഞ ചിരിയോടെയുള്ള പ്രതികളുടെ ഫോട്ടോയാണ് വൈറലായത്.

അനന്ത്നാഗ് പൊലീസാണ് മദ്യക്കടത്തിനിടെ രണ്ടുപേരെ പിടികൂടിയത്. വാഹനപരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷനിലെത്തിച്ച് കുറ്റകൃത്യത്തിന്റെ വകുപ്പുകള്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്ന നോട്ടീസുമായി ഫോട്ടോ എടുപ്പിച്ചു. പ്രതികള്‍ ചിരിച്ചുനില്‍ക്കുന്ന ഈ ഫോട്ടോയാണ് ഏറെ കമന്റുകള്‍ക്ക് കാരണമായത്.

'ഇത്രയും സന്തോഷത്തോടെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് പോസ് ചെയ്യുന്ന പ്രതികളെ ആദ്യമായാണ് കാണുന്നത്' എന്നാണ് ഒരാളുടെ കമന്റ്. 'ഫോട്ടോയെടുത്ത ക്യാമറാമാന്‍ കല്യാണ ഫോട്ടോഗ്രാഫറാണെന്ന് തോന്നുന്നു' എന്ന് മറ്റൊരാളുടെ കമന്റ്. 'പിടികൂടിയ മദ്യക്കുപ്പികളില്‍ ഓരോന്ന് ഇവര്‍ കുടിച്ച് തീര്‍ത്തിട്ടുണ്ടോ', 'പ്രതികളോ അതോ മെഡല്‍ ജേതാക്കളോ' എന്നൊക്കെയാണ് കമന്റിലെ ചോദ്യങ്ങള്‍.

കമന്റുകള്‍ കൂമ്പാരമായതോടെ പൊലീസ് തന്നെ വിശദീകരണവുമായെത്തി. മദ്യവുമായി പിടിയിലായ പ്രതികള്‍ രണ്ടും വലിയ ടെന്‍ഷനിലായിരുന്നത്രെ. ഫോട്ടോ എടുത്തപ്പോഴും മുഖത്ത് ടെന്‍ഷന്‍ തന്നെ. തുടര്‍ന്ന്, ചിരിച്ചുകൊണ്ട് പോസ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് അനന്ത്നാഗ് പൊലീസ് പറയുന്നു.

Tags

Share this story

From Around the Web