തിരുവോസ്തിയില്‍ ഹൃദയമിടിപ്പിന് സമാനമായ ചലനം; മെക്സിക്കോയിൽ ദിവ്യകാരുണ്യ അത്ഭുതം?

 
www

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം എന്ന് അനുമാനിക്കപ്പെടുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നു. ജൂലൈ 23നു ജലിസ്കോ സംസ്ഥാനത്ത് സപൊട്ലാനെജോയിലെ ജപമാല രാജ്ഞിയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ആരാധനയ്ക്ക് വേണ്ടി അരുളിക്കയില്‍ പ്രതിഷ്ഠിച്ച് വച്ചിരുന്ന ദിവ്യകാരുണ്യത്തിൽ മനുഷ്യന്റെ ഹൃദയമിടിപ്പിന് സമാനമായ ചലനം ദൃശ്യമായെന്നാണ് വിശ്വാസികൾ പറയുന്നത്. റിലീജിയസ് ഫാമിലി ഓഫ് ദ ഇമ്മാക്കുലേറ്റ് ഹേർട്ട് ആൻഡ് ഡിവൈൻ മേഴ്സി കോൺഗ്രിഗേഷന്റെ സ്ഥാപകനും, സുപ്പീരിയറുമായ ഫാ. കാർലോസ് സ്പാൻ ആണ് ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകിയിരുന്നത്.

വിശുദ്ധ കുർബാന കഴിഞ്ഞ്, ആരാധനയ്ക്ക് ദിവ്യകാരുണ്യം പ്രതിഷ്ഠിച്ചതിനുശേഷം മടങ്ങാൻ തുടങ്ങുന്ന സമയത്താണ് ഇത് സംഭവിച്ചതെന്ന് ഫാ. കാർലോസ് ‘എസിഐ പ്രൻസാ’ എന്ന മാധ്യമത്തോട് പറഞ്ഞു.

ചില ആളുകൾ ദിവ്യകാരുണ്യത്തിൽ നടന്ന അത്ഭുത പ്രതിഭാസം ദർശിച്ചുവെന്നും, അവർക്ക് പെട്ടെന്ന് നടന്ന സംഭവം ഉടനെ ഉൾക്കൊള്ളാൻ സാധിച്ചില്ലെന്നും, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചവരുടെ കയ്യിൽ നിന്നും ഉടനെ തന്നെ അത് വാങ്ങിയിരുന്നുവെന്നും, അതിനാൽ ഇത് വിശ്വാസയോഗ്യമാണെന്നും വൈദികൻ കൂട്ടിച്ചേർത്തു. 20 മുതൽ 30 സെക്കന്‍റ് വരെ നീണ്ടുനിൽക്കുന്നതായിരുന്നു പ്രതിഭാസം.

അതേസമയം ഇടവക സ്ഥിതിചെയ്യുന്ന ഗ്വാഡലാജാര രൂപത സംഭവത്തെ പറ്റി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മനുഷ്യരുടെ സ്നേഹത്തിനു വേണ്ടി തുടിക്കുന്ന ക്രിസ്തുവിന്റെ ഹൃദയം എന്ന രീതിയിലാണ് താൻ അത്ഭുത പ്രതിഭാസത്തെ കാണുന്നതെന്ന്‍ ഫാ. കാർലോസ് കൂട്ടിച്ചേർത്തു. ഇടവകയിൽ സംഭവിച്ചത് അത്ഭുതമാണെന്ന് പറയാൻ തനിക്ക് ഔദ്യോഗികമായ അധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ദിവ്യകാരുണ്യത്തിലെ അത്ഭുത പ്രതിഭാസം ദൃശ്യമാകുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് ദിവ്യകാരുണ്യത്തോട് വലിയ ഭക്തി ഉണ്ടായിരിക്കുകയും, ദിവകാരുണ്യ അത്ഭുതങ്ങളെ പറ്റിയുള്ള വിവരങ്ങൾ ഇൻറർനെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്ന വാഴ്ത്തപ്പെട്ട കാർളോ അക്വിറ്റിസിന്റെ ചിത്രം വൈദികൻ വെഞ്ചരിച്ചിരുന്നു.

ഗ്ലാസിന്റെ ഉള്ളിൽ ആയിരുന്ന ചിത്രത്തിൽ നിന്ന് ആ രാത്രി എണ്ണ ഒഴുകിയെന്ന് ഫാ. കാർലോസ് പറഞ്ഞു. ഇതിന് ശേഷം അദ്ദേഹം കാർളോയുടെ ഇറ്റലിയിലുള്ള അമ്മയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

നടന്ന സംഭവം അസാധാരണമാണെന്നും, സാധാരണ ശാസ്ത്രപരമായ ഒരു വിശദീകരണം അതിന് നൽകാൻ സാധിക്കില്ലെന്നും വൈദികൻ പറയുന്നു. വിഷയത്തില്‍ രൂപത വിശദമായ പഠനം നടത്തി ഔദ്യോഗിക ഫലം പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.

കടപ്പാട് മരിയൻ ടൈംസ്

Tags

Share this story

From Around the Web