വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിയെത്തി, പിടിവിടല്ലേയെന്ന് യുവാക്കളുടെ ജാഗ്രത; കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട യുവതിക്ക് രക്ഷകരായി ഉണ്ണികൃഷ്ണനും വിശാഖും

 
88

കൊല്ലം: കല്ലടയാറ്റിലെ ശക്തമായ ഒഴുക്കിൽപെട്ട വീട്ടമ്മയെ സാഹസികമായി രക്ഷപ്പെടുത്തി യുവാക്കൾ. ഏറത്തുകുളക്കട കണ്ണങ്കോട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ, വടശേരിൽ വീട്ടിൽ വിശാഖ് എന്നിവരാണ് യുവതിയുടെ ജീവന് രക്ഷകരായത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മറുകരയിൽനിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ട് ആറിന് സമീപം താമസിക്കുന്ന ഇവർ ഓടിയെത്തിയത്.

നദിയിലെ ഒഴുക്കിൽപെട്ട സ്ത്രീയെ ആദ്യം കണ്ടത് ഉണ്ണികൃഷ്ണനാണ്, പിന്നാലെ വിശാഖും സ്ഥലത്തെത്തി. ഇതിനിടയിൽ ഒരു വള്ളിപ്പടർപ്പിൽ പിടികിട്ടിയതോടെ യുവതി അതിൽ പിടിച്ചു കിടക്കുകയായിരുന്നു. ആത്മവിശ്വാസം നൽകിക്കൊണ്ട് ഒരിക്കലും പിടിവിടാതിരിക്കാൻ വേണ്ട നിർദേശങ്ങൾ യുവാക്കൾ യുവതിക്ക് നിരന്തരം നൽകിക്കൊണ്ടിരുന്നു. ഇതിനിടയിൽ പഞ്ചായത്ത് മെമ്പർ സുജിത് കുമാറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തക സംഘത്തെ ഏനാത്ത് പാലത്തിന്റെ ഭാഗത്തുൾപ്പെടെ ഉടൻ തന്നെ സജ്ജീകരിക്കുകയും ചെയ്തു.

ആറ്റിലെ ഒഴുക്ക് വളരെ ശക്തമായിരുന്നെങ്കിലും, വള്ളിപ്പടർപ്പിൽ പിടിവിടാാതെ കിടന്ന സ്ത്രീക്ക് ഉണ്ണികൃഷ്ണനും വിശാഖും ചേർന്നു കയർ എറിഞ്ഞുകൊടുത്ത് സുരക്ഷിതമായി കരയ്ക്ക് രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ഏനാത്ത് പൊലീസ് സ്ഥലത്തെത്തിയാണ് യുവതിയെ അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്തമണിനു സമീപത്തെ മൂഴിക്കൽ കടവിൽ നിന്നാണ് ഇവർ വെള്ളത്തിൽ വീണത്. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ഉണ്ണികൃഷ്ണൻ; വിശാഖാകട്ടെ എൻജിനീയറിങ് വിദ്യാർത്ഥിയുമാണ്.

Tags

Share this story

From Around the Web