എസ്ഐആറിന്റെ ഭാഗമായുള്ള ഹിയറിങ് നടപടികള്‍ക്ക് സംസ്ഥാനത്ത് തുടക്കം

 
sir

എസ്ഐആറിന്റെ ഭാഗമായുള്ള ഹിയറിങ് നടപടികള്‍ക്ക് സംസ്ഥാനത്ത് തുടക്കം. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷമുള്ള പട്ടികയിലുള്‍പ്പെട്ട 2.54 കോടി വോട്ടര്‍മാരില്‍, 2002-ലെ എസ്ഐആറുമായി ബന്ധിപ്പിക്കാനാകാത്ത 19.32 ലക്ഷം പേര്‍ക്കാണ് ഹിയറിങ്.

എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ഇആര്‍ഓ)മാരുടെ മേല്‍നോട്ടത്തില്‍ ബൂത്ത് അടിസ്ഥാനത്തിലാണ് ഹിയറിങ് നടപടികള്‍ നടക്കുന്നത്. ഹിയറിങ്ങിന് നേരിട്ട് ഹാജരാകുന്നതില്‍ പ്രായമായവര്‍ക്കും പ്രവാസികള്‍ക്കും ഇളവുണ്ട്. 

അതേസമയം ഇവരുടെ രേഖകളുമായി അടുത്ത ബന്ധുക്കള്‍ ഹിയറിങ്ങില്‍ പങ്കെടുക്കണം.
കൂടാതെ അക്ഷരത്തെറ്റ്, പ്രായവ്യത്യാസം തുടങ്ങിയവ കാരണം പട്ടികയില്‍ പൊരുത്തപ്പെടാത്ത വോട്ടര്‍മാര്‍ക്ക് ബിഎല്‍ഒയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഹിയറിങ് ഒഴിവാക്കും. 

അതോടൊപ്പം മതിയായ രേഖകള്‍ ഹാജരാക്കിയാല്‍ ഇആര്‍ഒയ്ക്ക് നേരിട്ടുള്ള പരിശോധനയില്ലാതെതന്നെ നടപടികള്‍ പൂര്‍ത്തീകരിക്കാം.


ഇനി ഹിയറിങ് നടപടികള്‍ പൂര്‍ത്തിയായി പട്ടികയില്‍നിന്ന് പുറത്താക്കപ്പെടുന്നവര്‍ക്ക് പരാതികള്‍ അറിയിച്ച് അപ്പീല്‍ പോകാം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഉത്തരവ് പുറത്തുവന്ന് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഒന്നാം അപ്പീല്‍ നല്‍കാനാകും.


 ഇതില്‍ എടുക്കുന്ന തീരുമാനത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ രണ്ടാം അപ്പീലും നല്‍കാം. അപ്പീല്‍ അപേക്ഷകള്‍ രജിസ്റ്റേഡ് തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിക്കാം.

അതേസമയം എസ്ഐആറില്‍ അര്‍ഹരെ ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. . മതിയായ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ രേഖകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 

ഇതിന് ഫീസ് ഈടാക്കരുത്. കെ-സ്മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം നേരിട്ടാല്‍ അത് നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. കരട് പട്ടികയില്‍നിന്ന് വിട്ടുപോയ അര്‍ഹരായ എല്ലാവരെയും പട്ടികയിലുള്‍പ്പെടുത്തുന്നതിന് ബോധവല്‍ക്കരണം നടത്തുകായും ചെയ്യും.

Tags

Share this story

From Around the Web