ആരോഗ്യം ചുരുക്കം ചിലരുടെ മാത്രം ആഡംബരമാകരുത്: ലിയോ മാര്‍പ്പാപ്പ
വത്തിക്കാന്‍: ആരോഗ്യം ചുരുക്കം ചിലരുടെ മാത്രം ആഡംബരമാകരുതെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ.ആരോഗ്യ സംരക്ഷണ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന അസമത്വത്തെയും അനീതിയെയും അപലപിച്ച മാര്‍പ്പാപ്പ ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാമെന്ന മുന്നറിയിപ്പും നല്‍കി. കൗണ്‍സില്‍ ഓഫ് ദി ബിഷപ്പ്‌സ് കോണ്‍ഫറന്‍സസ്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (യൂറോപ്യന്‍ മേഖല), ഇറ്റാലിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് എന്നിവ സംയുക്തമായി വത്തിക്കാനില്‍ സംഘടിപ്പിച്ച ‘ഇന്ന് എന്റെ അയല്‍ക്കാരന്‍ ആരാണ്?’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ.
ലോകാരോഗ്യ സംഘടനയുടെ രണ്ടാമത്തെ യൂറോപ്യന്‍ ഹെല്‍ത്ത് ഇക്വിറ്റി സ്റ്റാറ്റസ് റിപ്പോര്‍ട്ട് പുറത്തിറക്കിയ ദിവസമായിരുന്നു സമ്മേളനം.യൂറോപ്പില്‍ ഇന്ന് നിരവധി ആളുകള്‍ അനുഭവിക്കുന്ന ദാരിദ്ര്യം, ഏകാന്തത, ഒറ്റപ്പെടല്‍ തുടങ്ങിയ സാഹചര്യങ്ങളെക്കുറിച്ച് മാര്‍പ്പാപ്പ സംസാരിച്ചു.സാര്‍വത്രിക ആരോഗ്യമെന്നത് നേടിയെടുക്കേണ്ട സാങ്കേതിക ലക്ഷ്യം മാത്രമല്ല ധാര്‍മ്മിക അനിവാര്യതയാണെന്ന് മാര്‍പ്പാപ്പ വ്യക്തമാക്കി. ആരോഗ്യ രംഗത്തെ അനീതി സംഘര്‍ഷത്തിന് കാരണമാകുന്നത് തടയുക എന്നതുകൂടിയാകണം ഇതിന്റെ ലക്ഷ്യമെന്നും മാര്‍പ്പാപ്പ വിശദീകരിച്ചു.
യൂറോപ്പിലെ ദരിദ്രരും ഒറ്റപ്പെട്ടവരുമായ നിരവധിയാളുകളുടെ സാഹചര്യങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്നതാണ് ഈ രേഖയെന്ന് മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.പല യൂറോപ്യന്‍ രാജ്യങ്ങളിലും ആരോഗ്യ സംരക്ഷണ മേഖലയില്‍ അസമത്വം വളര്‍ന്നുവരികയാണെന്ന് മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പ്രത്യേകിച്ച് യുവാക്കളുടെ മാനസികാരോഗ്യത്തില്‍ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.
ആരോഗ്യം ചുരുക്കം ചിലര്‍ക്ക് മാത്രമുള്ള ആഡംബരമാകാന്‍ പാടില്ല.അത് സാമൂഹിക സമാധാനത്തിന് അത്യാവശ്യമായ വ്യവസ്ഥയാണെന്നും എടുത്തുകാണിച്ചു.ആരോഗ്യ സംരക്ഷണം ഏറ്റവും ദുര്‍ബലര്‍ക്ക് പ്രാപ്യമാകണം. അവരുടെ അന്തസ്സ് ഇതാവശ്യപ്പെടുന്നു.മാത്രമല്ല സംഘര്‍ഷം തടയാനും ഇത് സഹായിക്കും.
മറ്റുള്ളവരുടെ കഷ്ടപ്പാടുകളില്‍ നിന്നുള്ള അകലം, അശ്രദ്ധ, ഉത്ക്കണ്ഠയില്ലായ്മ എന്നിവ നമ്മെ നിസ്സംഗതയിലേക്ക് നയിക്കുമെന്ന് സുവിശേഷ ഭാഗങ്ങളെ ഉദ്ധരിച്ച് മാര്‍പ്പാപ്പ പറഞ്ഞു.സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാ ക്രൈസ്തവരും കഷ്ടപ്പെടുന്നവരുടെ മേല്‍ അവരുടെ നോട്ടം ഉറപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ്. ഏകാന്തതയുടെ വേദനയനുഭവിക്കുന്നവരിലും വിവിധ കാരണങ്ങളാല്‍ ഒറ്റപ്പെട്ടവരും പുറത്താക്കപ്പെട്ടവരുമായവരിലും നമ്മുടെ കണ്ണുകള്‍ പോകണം. അവരില്ലാതെ നീതിയുക്തമായ സമൂഹം നമുക്ക് കെട്ടിപ്പടുക്കാന്‍ കഴിയില്ല.
ഒന്നിച്ചുനിന്നാല്‍ മാത്രമേ എല്ലാവരെയും പരിപാലിക്കാന്‍ പ്രാപ്തിയുള്ള ഐക്യദാര്‍ഢ്യ സമൂഹം കെട്ടിപ്പടുക്കാന്‍ കഴിയൂ.മറ്റുള്ളവരുടെ മാനവികതയെ പരിപാലിക്കുന്നത് സ്വന്തം ജീവിതം പൂര്‍ണ്ണമാക്കാന്‍ നമ്മെ സഹായിക്കും.ക്രിസ്തീയ ജീവിതശൈലി സമരിയാക്കാരന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതാകട്ടെയെന്നും മാര്‍പ്പാപ്പ ആശംസിച്ചു.യൂറോപ്പിലെയും ലോകമെമ്പാടുമുള്ള ക്രൈസ്തവസഭകള്‍ക്ക് അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് ആരോഗ്യ സംരക്ഷണത്തിലെ അസമത്വങ്ങളെ ചെറുക്കുന്നതിലും ഏറ്റവും ദുര്‍ബലരായ ജനങ്ങളെ പിന്തുണയ്ക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
മാനവികതയുടെ പുരോഗതിക്കും സാര്‍വത്രിക സാഹോദര്യത്തിനും വേണ്ടിയുള്ള സേവനത്തില്‍ എപ്പോഴും സഭയുടെ പങ്ക് ഉറപ്പാക്കണമെന്ന് പറഞ്ഞാണ് മാര്‍പ്പാപ്പ പ്രഭാഷണം ഉപസംഹരിച്ചത്.