ആരോഗ്യം ചുരുക്കം ചിലര്‍ക്കുള്ള ആഡംബരമല്ല, സാമൂഹിക സമാധാനത്തിന് അനിവാര്യമായ വ്യവസ്ഥയാണ്: പാപ്പാ
പല രാജ്യങ്ങളിലും ആരോഗ്യമേഖലയിലെ അസമത്വങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, ദാരിദ്ര്യം, ഏകാന്തത, ഒറ്റപ്പെടല്‍ എന്നിവയാല്‍ നിരവധിയാളുകള്‍ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് വിധേയരാകുന്നുവെന്നും എടുത്തു പറഞ്ഞുകൊണ്ട്, യൂറോപ്യന്‍ മെത്രാന്‍ സമിതി, ഇറ്റാലിയന്‍ മെത്രാന്‍ സമിതി, ലോകാരോഗ്യ സംഘടന- യൂറോപ്യന്‍ ഘടകം എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'ഇന്ന് എന്റെ അയല്‍ക്കാരന്‍ ആരാണ്?' എന്ന സമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ക്ക്, ലിയോ പതിനാലാമന്‍ പാപ്പാ സന്ദേശം നല്‍കി.
ആരോഗ്യം ചുരുക്കം ചിലര്‍ക്കുള്ള ആഡംബരമല്ല, മറിച്ച് സാമൂഹിക സമാധാനത്തിന് അനിവാര്യമായ വ്യവസ്ഥയാണെന്നും, സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഒരു സാങ്കേതിക ലക്ഷ്യമല്ല, ധാര്‍മ്മിക അനിവാര്യതയാകണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
ആരോഗ്യ സംരക്ഷണവും, പരിചരണവും സമൂഹത്തിലെ ഏറ്റവും ദുര്‍ബലര്‍ക്ക് പോലും പ്രാപ്യമായിരിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
ജീവിതത്തിലെ ഈ നിമിഷത്തില്‍,നമ്മുടെ അയല്‍ക്കാരന്‍ ആരാണ്? എന്ന ചോദ്യത്തിന്, നാം ജീവിക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളില്‍, ഉത്തരങ്ങള്‍ വ്യത്യസ്തമാണെങ്കിലും, മറ്റൊരാളുടെ അടുത്തേക്ക്, പ്രത്യേകിച്ചും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരുടെ അടുത്തേക്ക് പോകാനുള്ള ക്ഷണമാണ് ഇത് നല്‍കുന്നതെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.
നാം അപരന് അയല്‍ക്കാരനായി മാറണമെന്നും, കാരണം, അവന്റെ മാനവികതയെ സംരക്ഷിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യാനി, കഷ്ടപ്പെടുന്നവരിലേക്ക്, ഏകാന്തരായ ആളുകളുടെ വേദനകളിലേക്ക്, വിവിധ കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരിലേക്കു തങ്ങളുടെ ദൃഷ്ടികള്‍ ഉറപ്പിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, കാരണം അവരില്ലാതെ നമുക്ക് നീതിയുക്തമായ സമൂഹങ്ങള്‍ കെട്ടിപ്പടുക്കാന്‍ കഴിയില്ലെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.
അല്ലാത്തപക്ഷം നിസ്സംഗതയിലേക്ക് നാം വീണുപോകുമെന്നുള്ള മുന്നറിയിപ്പും പാപ്പാ നല്‍കി.'മനുഷ്യന്റെയും സാര്‍വത്രിക സാഹോദര്യത്തിന്റെയും ഉന്നമനത്തിനുള്ള സേവനത്തില്‍' സഭയ്ക്കുള്ള കടമയും പാപ്പാ എടുത്തു പറഞ്ഞു.
അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് ആരോഗ്യമേഖലയിലെ അസമത്വങ്ങളെ ചെറുക്കുന്നതില്‍ സഭയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി.