'ആരോഗ്യ വകുപ്പിന് ഹണിമൂണ്‍ കാലം കിട്ടിയില്ല, പിറ്റേ ദിവസം തൊട്ട് ആക്രമണമായിരുന്നു'- മന്ത്രി കെ മുരളീധരന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ സര്‍ക്കാരില്‍, ആരോഗ്യ വകുപ്പിന് ഹണിമൂണ്‍ കാലം കിട്ടിയില്ലെന്നും പിറ്റേ ദിവസം തൊട്ട് ആക്രമണമായിരുന്നുവെന്നും മന്ത്രി കെ മുരളീധരന്‍. എന്നാല്‍ തനിക്ക് അതില്‍ പരാതിയില്ലെന്നും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നാള്‍ക്കുനാള്‍ മെച്ചപ്പെട്ടുവരികയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
'ഒരു വിവാഹം കഴിഞ്ഞാല്‍ ആറ് മാസത്തേക്ക് ഹണിമൂണുണ്ട്. പക്ഷേ ആരോഗ്യവകുപ്പിന് അതുപോലും കിട്ടിയില്ല സര്‍. പിറ്റേദിവസം തൊട്ട് ആക്രമണമായിരുന്നു. എന്നാല്‍ അതിലെനിക്ക് പരാതിയില്ല. ഡോക്ടര്‍മാര്‍ മുതല്‍ താഴെത്തട്ടിലുള്ള തൂപ്പുകാര്‍ വരെ ഇന്ന് ഈ വകുപ്പിന് കോഓഡിനേഷന്‍ കൈവന്നിരിക്കുന്നു. അതുകൊണ്ട് പകര്‍ച്ചവ്യാധികളെ ഒരു പരിധി വരെ നിയന്ത്രിക്കാനായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഷിഗെല്ല മരണങ്ങളില്ല. രോഗവ്യാപനവും കുറഞ്ഞിട്ടുണ്ട്.
കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയും സ്വകാര്യവല്‍ക്കരിക്കില്ല. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവരണമെന്നാണ് ആഗ്രഹം. അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഇല്ലാതാക്കാനാണ് ആദ്യ തീരുമാനം. സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവല്‍ക്കരിക്കുന്നുവെന്ന പ്രചാരണം നേഴ്‌സസ് അസോസിയേഷനാണ് കൊണ്ടുവന്നത്.