കൊച്ചുമക്കളെ നോക്കാതെ ഡേറ്റിങ്ങിന് പോയി. ഭര്‍തൃമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് യുവതി. .ഗുരുതരമായി പരിക്കേറ്റ ഇവരിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍
ചൈന: കൊച്ചുമക്കളെ പരിചരിക്കാന്‍ തയ്യാറാകാതെ സ്വന്തം പ്രണയബന്ധത്തിന് മുന്‍ഗണന നല്‍കിയെന്നാരോപിച്ച് ഭര്‍തൃമാതാവിനെ മരുമകള്‍ ക്രൂരമായി മര്‍ദ്ദിച്ചവശയാക്കി. ചൈനയിലെ ജിജാങ് പ്രവിശ്യയിലെ ജാസിങ്ങിലാണ് അന്താരാഷ്ട്ര മാധ്യമങ്ങളെപ്പോലും ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്.
മരുമകളുടെ ക്രൂരമായ മര്‍ദ്ദനമേറ്റ ഷെന്‍ എന്ന വയോധികയുടെ നാല് വാരിയെല്ലുകളാണ് ഒടിഞ്ഞത്. മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇവരിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അടുത്തിടെ ഭര്‍ത്താവ് മരണപ്പെട്ടതിനെത്തുടര്‍ന്നാണ് ഷെന്‍ ജിജാങ്ങിലുള്ള മകളുടെ വീട്ടിലേക്ക് താമസം മാറിയത്.
എന്നാല്‍ ഇവരുടെ ഇളയമകനായ ജിയോയും ഭാര്യയും വ്യത്യസ്ത നഗരങ്ങളില്‍ ജോലി ചെയ്യുന്നവരായതിനാല്‍ തങ്ങളുടെ രണ്ട് മക്കളെ നോക്കാനായി ഷെന്നിനെയാണ് ഏല്‍പ്പിച്ചിരുന്നത്.
സംഭവദിവസം, മുത്തശ്ശി തന്റെ ആരോഗ്യനില ശ്രദ്ധിക്കുന്നില്ലെന്ന് വീട്ടിലെ സര്‍വൈലന്‍സ് ക്യാമറ സംവിധാനത്തിലൂടെ കുട്ടി അമ്മയെ വിവരമറിയിക്കുകയായിരുന്നു. ഇതറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ യുവതിയും ഷെന്നുമായി വാക്കുതര്‍ക്കമുണ്ടായി.
കുട്ടി അനുസരണക്കേട് കാണിക്കുന്നതിനാല്‍ തനിക്ക് നോക്കാന്‍ കഴിയില്ലെന്നും തനിക്ക് കടുത്ത പല്ലുവേദനയുണ്ടെന്നും വയോധിക മരുമകളോട് വ്യക്തമാക്കി. ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് മരുമകള്‍ പറഞ്ഞപ്പോള്‍, തനിക്ക് തന്റെ ആണ്‍സുഹൃത്തിനെ കാണാന്‍ പോകണമെന്നാണ് ഷെന്‍ ആവശ്യപ്പെട്ടത്.
''കൊച്ചുമക്കളെ നോക്കുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണ്'' എന്ന് വയോധിക ആക്രോശിച്ചതോടെ നിയന്ത്രണം വിട്ട മരുമകള്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മുന്‍പും കുട്ടികളെ നോക്കാത്തതിന്റെ പേരില്‍ ഇവര്‍ വയോധികയെ മര്‍ദ്ദിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഈ ക്രൂരതയെ ന്യായീകരിച്ച് വയോധികയുടെ സ്വന്തം മകന്‍ തന്നെ രംഗത്തെത്തിയത് വന്‍ ജനരോഷത്തിന് കാരണമായിട്ടുണ്ട്. അമ്മ മര്‍ദ്ദനം അര്‍ഹിക്കുന്നുണ്ടെന്നും സ്വന്തം കൊച്ചുമക്കളേക്കാള്‍ അവര്‍ പ്രണയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നുമാണ് മകന്‍ ജിയോ പ്രതികരിച്ചത്.
തങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും, ഒന്നുകില്‍ അമ്മ കുട്ടികളെ നോക്കാന്‍ തയ്യാറാകണം അല്ലെങ്കില്‍ തങ്ങള്‍ക്ക് പ്രതിമാസ അലവന്‍സ് നല്‍കണമെന്നുമാണ് മകന്റെ വിചിത്രമായ വാദം.
അതേസമയം, കുട്ടികളെ വളര്‍ത്തേണ്ട നിയമപരമായ ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണെന്നും വയോധികയെ മര്‍ദ്ദിച്ച യുവതിക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സ്വന്തം അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച ഭാര്യയെ പിന്തുണച്ച മകനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.