'അവന്‍ ശ്വസിക്കുന്നുണ്ടായിരുന്നു, ഞാനും...' വെനസ്വേലയില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 18 ദിവസം പ്രായമായ കുഞ്ഞുമായി പുതുജീവിതത്തിലേക്ക് ഒരമ്മ

 
Baby



'അവന്‍ ജീവനോടെയിരിക്കുന്നിടത്തോളം കാലം എനിക്കും ജീവിക്കണമായിരുന്നു. അവന്‍ ശ്വസിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഞാന്‍ ഇടയ്ക്കിടെ അവന്റെ മൂക്കില്‍ തൊട്ടുനോക്കുമായിരുന്നു''. ഇരട്ട ഭൂചലനം കനത്ത നാശം വിതച്ച വെനസ്വേലയിലെ തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 18 ദിവസം മാത്രം പ്രായമുള്ള തന്റെ പിഞ്ചുകുഞ്ഞിനൊപ്പം ജീവനോടെ രക്ഷപ്പെട്ട ദയാന പാറ്റിനോ എന്ന അമ്മയുടെ വാക്കുകള്‍ക്ക് കണ്ണീരിന്റെ നനവും പ്രതീക്ഷയുടെ വെളിച്ചവുമുണ്ടായിരുന്നു. ദുരന്തത്തിന്റെ ഇരുട്ടറയില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ തനിക്ക് ജീവിക്കാനുള്ള ഏക പ്രചോദനം തന്റെ മകനായിരുന്നുവെന്ന് ദയാന എന്ന ഇരുപത്തിയഞ്ചുകാരി പറയുന്നു.

വിറങ്ങലിച്ച് പോയ ആ നിമിഷം!


വടക്കന്‍ തീരദേശ മേഖലയായ ലാ ഗൈ്വറയിലെ എട്ടാം നിലയിലുള്ള ഫ്‌ലാറ്റില്‍ പാത്രങ്ങള്‍ കഴുകുകയായിരുന്ന ദയാന, ചെറിയൊരു ഭൂചലനമെന്ന് കരുതിയാണ് കുഞ്ഞിനെയുമെടുത്ത് മാറിയത്. എന്നാല്‍ പെട്ടെന്ന് കെട്ടിടം തകരുകയായിരുന്നു. ''ഞാന്‍ വായുവില്‍ പറന്നുയരുന്നതുപോലെയാണ് എനിക്ക് തോന്നിയത്. പിന്നീട് മണ്ണിലേക്കും വെള്ളത്തിലേക്കും താഴ്ന്നുപോയി, ഒടുവില്‍ ഇരുണ്ട ഒരു കുഴിയില്‍ ചെന്ന് വീണു. ഫര്‍ണിച്ചറുകള്‍ക്കിടയില്‍ ഞാന്‍ ചതഞ്ഞുപോയെങ്കിലും പറന്നുയരുന്നതിനിടയിലും കുഞ്ഞിനെ കൈകളില്‍ നിന്ന് വിടാതെ പിടിച്ചത് എങ്ങനെയെന്നത് എനിക്ക് ഇപ്പോഴും ആശ്ചര്യമാണ്'' ദയാന പറയുന്നു.

തന്റെ ഇടതു കാല്‍ സിമന്റ് പാളികള്‍ക്കിടയില്‍ കുടുങ്ങിപ്പോയെന്നും തല ഒരു വലിയ പാറക്കല്ലില്‍ അമര്‍ന്നിരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. നിലവിളിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ദയാന, രക്ഷാപ്രവര്‍ത്തകരുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മാത്രം ഉച്ചത്തില്‍ ഒച്ചവെക്കാന്‍ തീരുമാനിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ബൈബിള്‍ തൊട്ടറിയാന്‍ കഴിഞ്ഞതാണ് തനിക്ക് ജീവനോടെയിരിക്കാന്‍ പ്രത്യാശ നല്‍കിയതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

രക്ഷകനായി എത്തിയ സഹോദരന്‍

അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ദയാനയുടെ സഹോദരന്‍ പേര് വിളിച്ച് തിരയുന്നത് കേട്ടതാണ് വഴിത്തിരിവായത്. ''ഞാന്‍ ഇവിടെയുണ്ട്'' എന്ന് പൂര്‍ണ്ണശക്തിയോടെ ദയാന നിലവിളിച്ചു. ''ഞാന്‍ നിന്നെ കണ്ടെത്തി, നിങ്ങളെ പുറത്തെടുക്കാതെ ഞാന്‍ ഇവിടുന്ന് പോകില്ല'' എന്ന് സഹോദരന്‍ ഉറപ്പുനല്‍കി. വ്യാഴാഴ്ച രാത്രിയോടെ അതിനൂതനമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തു. ദയാനയുടെ കാലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും കുഞ്ഞ് നേരിയ പോറലുകളോടെ സുരക്ഷിതനാണ്.

'ഞാന്‍ വീണ്ടും ജനിച്ചതുപോലെ തോന്നി'

അപകടസമയത്ത് കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയ ദയാനയുടെ ഭര്‍ത്താവ് ജെര്‍സണ്‍ മതില്‍ ചാടിയാണ് രക്ഷപ്പെട്ടത്. തങ്ങള്‍ താമസിച്ചിരുന്ന എട്ട് നില കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നടിഞ്ഞത് കണ്ട് ഇനി ഭാര്യയേയും കുഞ്ഞിനേയും ഒരിക്കലും കാണാന്‍ കഴിയില്ലെന്നും അവര്‍ക്ക് അരുതാത്ത് എന്തോ സംഭവിച്ചെന്നും അദ്ദേഹം കരുതി. അവരെ ജീവനോടെ തിരികെ കിട്ടിയ നിമിഷം ഒരു അദ്ഭുതമാണെന്ന് ജെര്‍സണ്‍ പറഞ്ഞു. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ആകാശത്തേക്ക് നോക്കി കണ്ണീര്‍ വാര്‍ക്കുന്ന ജെര്‍സണിന്റെ വീഡിയോ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്നു.

''ആ നിമിഷം വിവരിക്കാനാകാത്തതായിരുന്നു. എന്റെ മകനെ കണ്ടപ്പോള്‍ ഞാന്‍ വീണ്ടും ജനിച്ചതുപോലെ തോന്നി,'' അദ്ദേഹം പറഞ്ഞു. വെനസ്വേലയില്‍ പ്രത്യാശയുടെ പ്രതീകമായി മാറിയിരിക്കുകയാണ് ഈ കുഞ്ഞ്. തങ്ങളുടെ വീടും സമ്പാദ്യങ്ങളും വളര്‍ത്തുനായയെയുമെല്ലാം ഈ ദുരന്തത്തില്‍ നഷ്ടപ്പെട്ടെങ്കിലും, പൂജ്യത്തില്‍ നിന്ന് ജീവിതം വീണ്ടും കെട്ടിപ്പടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ ദമ്പതികള്‍.

Tags

Share this story

From Around the Web