മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിയ അസാധാരണ പ്രതിഭ. കൊടുമൺ പോറ്റിയായും ചാത്തനായും പകർന്നാടിയ ഭ്രമയുഗം നാലാം വട്ടവും മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിയുടെ കൈകളിലെത്തിച്ചു
തിരുവനന്തപുരം: കൊടുമൺ പോറ്റിയായും ചാത്തനായും ഭ്രമയുഗം സിനിമയിലൂടെ പ്രേക്ഷകരെ അഭിനയ കൊടുമുടി കയറ്റിയ മമ്മൂട്ടിയെ തേടി നാലാം ദേശീയ ചലച്ചിത്ര പുരസ്കാരമെത്തി. കൊടുമൺപോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിന്റെ ഉള്ളടക്കം. പോറ്റിയുടെ നോട്ടത്തിലും ഭാവത്തിലും ചിരിയും പെരുമാറ്റത്തിലുമെല്ലാം നിഗൂഢത ഉളിഞ്ഞിരിക്കുന്നു. കൊടുമൺ പോറ്റിയായി മമ്മൂട്ടി ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന പകർന്നാട്ടം നടത്തിയ ചിത്രത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിക്കുമെന്ന് അന്നേ വിലയിരുത്തപ്പെട്ടതാണ്.
ബ്ളാക്ക് ആൻഡ് വൈറ്രിൽ കളർ ചിത്രത്തെ വെല്ലുന്ന ദൃശ്യ ഭംഗി ഒരുക്കി ഛായാഗ്രാഹകൻ ഷെഹ്നാദ് ജലാൽ. ഈചിത്രത്തിന്റെ പ്ളസ് പോയിന്റുകളിൽ ഒന്നാണ് ഛായാഗ്രഹണം. സംവിധായകന്റെ മനസ് അറിഞ്ഞാണ് ഷഫീഖ് മുഹമ്മദ് അലിയുടെ ചിത്രസംയോജനം. ക്രിസ്റ്റോ സേവ്യറുടെ സംഗീതം പോറ്റിയുടെ മന വിട്ട് പോകാതെ നിന്നു. കലാസംവിധായകൻ ജ്യോതിഷ് ശങ്കറിന്റെ കരവിരുതാണ് മറ്രൊരു കൈയൊപ്പ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് .ശശികാന്തും ചേർന്ന് നിർമ്മിച്ചന്ന ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിച്ചത്.
ഭൂതകാലം എന്ന ഹൊറർ ചിത്രം ഒരുക്കിയ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വിക്രം വേദ സിനിമ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിച്ച ആദ്യ മലയാള ചിത്രമാണ് 'ഭ്രമയുഗം'.
ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. 1989ൽ ഒരു വടക്കൻ വീരഗാഥ, മതിലുകൾ എന്നിവയ്ക്കായിരുന്നു പുരസ്കാരം. ഒരേവർഷം രണ്ട് വ്യത്യസ്ത ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് ലഭിച്ച ആദ്യ പുരസ്കാരമായിരുന്നു അത്. 1993ൽ വിധേയനിലൂടെയും പൊന്തൻമാടയിലൂടെയും വീണ്ടും പുരസ്കാരമെത്തി. 1998ൽ ഡോ. ബാബാസാഹേബ് അംബേദ്കർ. ബി. ആർ. അംബേദ്കർ ഇംഗ്ലീഷ് ഭാഷയിലൊരുക്കിയ ജീവചരിത്ര സിനിമയിലെ അഭിനയത്തിന് ലഭിച്ച പുരസ്കാരമാണ് അടുത്തത്. ഒരേ വർഷം രണ്ട് വ്യത്യസ്ത സിനിമകളിലെ അഭിനയത്തിന് രണ്ട് തവണ (1989, 1993) മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ഒരേയൊരു ഇന്ത്യൻ നടൻ മമ്മൂട്ടിയാണ്.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 1998-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ ബഹുമതിയും നൽകി ആദരിച്ചിട്ടുണ്ട്. ഇക്കൊല്ലം പത്മഭൂഷണും ലഭിച്ചു. ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണിത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതം, നാനൂറിലധികം ചിത്രങ്ങളിലെ വ്യത്യസ്തമായ പ്രകടനങ്ങൾ, മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിയ സമീപകാല ചിത്രങ്ങൾ, അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ മുൻനിർത്തിയാണ് രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതി നൽകിയത്.