ഗ്രീക്ക് കത്തോലിക്ക സഭാംഗമായിരുന്ന ഫാ. പീറ്റര്‍ പോള്‍ ഓറോസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

ബില്‍ക്കി/ഉക്രെയ്ന്‍: ഗ്രീക്ക് കത്തോലിക്ക സഭാംഗമായിരുന്ന ഫാ. പീറ്റര്‍ പോള്‍ ഓറോസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഉക്രെയ്‌നിലെ ബില്‍ക്കിയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് കര്‍ദിനാള്‍ ഗ്രെഗോര്‍സ് റൈസ് മുഖ്യകാര്‍മികത്വം വഹിച്ചു.
വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വൈദികനാണ് ഫാ. പീറ്റര്‍ പോള്‍ ഓറോസ്. സോവിയറ്റ് യൂണിയനില്‍ രഹസ്യമായി സേവനം ചെയ്യുന്നതിനിടെ 1953-ലാണ് മുകച്ചേവോ രൂപതാ വൈദികനായ ഫാ. പീറ്റര്‍ കൊല്ലപ്പെട്ടത്.
യുദ്ധത്തിന്റെ ദുരന്തത്തിലൂടെ കടന്നുപോകുന്ന ഉക്രേനിയന്‍ ജനതയ്ക്ക് വിശ്വാസത്തിലും പ്രത്യാശയിലും സ്ഥിരോത്സാഹത്തെ തുടരുന്നതിനുള്ള ശക്തി ലഭിക്കുന്നതിന് ഫാ. പീറ്ററിന്റെ മധ്യസ്ഥത തേടി ലിയോ 14 ാമന്‍ പാപ്പ പ്രാര്‍ത്ഥിച്ചു. 2022-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഫാ. ഓറോസിനെ രക്തസാക്ഷിയായി അംഗീകരിച്ചത്.
1917 ജൂലൈ 14 ന് ഹംഗേറിയന്‍ ഗ്രാമമായ ബിരിയിലാണ് ഓറോസ് ജനിച്ചത്.
അദ്ദേഹത്തിന് രണ്ട് വയസുള്ളപ്പോള്‍ പിതാവിനെയും 9 വയസുള്ളപ്പോള്‍ അമ്മയെയും നഷ്ടപ്പെട്ടു.
1942 ജൂണ്‍ 18 ന്, ഉക്രെയ്നിലെ മുകച്ചേവോയിലെ ഗ്രീക്ക്-കത്തോലിക് രൂപതയില്‍ വൈദികനായി അഭിഷിക്തനായി.
1944-ല്‍, ഉക്രെയ്ന്‍ സോവിയറ്റ് യൂണിയനിലേക്ക് നിര്‍ബന്ധിതമായി കൂട്ടിച്ചേര്‍ത്തതോടെ, ഗ്രീക്ക് കത്തോലിക്കാ സഭ കഠിനമായ പീഡനത്തിലൂടെ കടന്നുപോകേണ്ടി വന്നു.
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലേക്ക് മാറാനുള്ള സമ്മര്‍ദ്ദത്തെ ചെറുത്ത് മാര്‍പാപ്പയോട് വിശ്വസ്തത പുലര്‍ത്തിയ അദ്ദേഹം അധികാരികളുടെ നോട്ടപ്പുള്ളിയായി.
1949-ല്‍, എല്ലാ ഗ്രീക്ക് കത്തോലിക്കാ ദൈവാലയങ്ങളും അടച്ചുപൂട്ടി, ഗ്രീക്ക് കത്തോലിക്ക സഭയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.
ഇതിനിടയിലും രഹസ്യമായി ശുശ്രൂഷ തുടര്‍ന്ന ഫാ. പീറ്റര്‍ ഓറോസിനെതിരെ 1953-ല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ആ വര്‍ഷം ഓഗസ്റ്റ് 28-ന് ഒരു പോലീസുകാരന്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു.