എല്ലാവരും ഒരുമിച്ച് സ്ഥിരോത്സാഹത്തോടെയും യോജിപ്പോടെയും സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മടുപ്പു തോന്നരുതെന്നും ലിയോ പതിനാലാമന്‍ പാപ്പാ

എല്ലാവരും ഒരുമിച്ച്, സ്ഥിരോത്സാഹത്തോടെയും യോജിപ്പോടെയും സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, അതില്‍ മടുപ്പു തോന്നരുതെന്നും ലിയോ പതിനാലാമന്‍ പാപ്പാ.
മരിയന്‍ ജൂബിലി തീര്‍ത്ഥാടനത്തോടനുബന്ധിച്ചു ഒക്ടോബര്‍ 11 ന് വൈകുന്നേരം, വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടന്ന സമാധാനത്തിനായുള്ള ജപമാലപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. പ്രത്യാശയുടെ ജൂബിലി തീര്‍ത്ഥാടന വേളയില്‍, നമ്മുടെ ദൃഷ്ടികള്‍, മാനുഷികവും, സുവിശേഷാത്മകവുമായ പരിശുദ്ധ മറിയത്തിന്റെ പ്രത്യേകതകളില്‍ ഉറപ്പിക്കുവാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. പരിശുദ്ധ അമ്മ വഴിയായി സകലര്‍ക്കും, കരുണ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുവാനും പാപ്പാ ക്ഷണിച്ചു.
യേശുവിന്റെ കുരിശിന്റെ ചുവട്ടില്‍ നിലയുറപ്പിച്ച ധീരരായ പരിശുദ്ധ അമ്മയെയും, മറ്റു സ്ത്രീകളെയും പോലെ, ലോകത്തിന്റെ കുരിശിന്റെ സഹനങ്ങളില്‍ കൂടെ നില്‍ക്കുവാന്‍ സാധിക്കണമെന്നു പറഞ്ഞ പാപ്പാ, മാനവകുലത്തിനൊപ്പം, അവര്‍ക്ക് ആശ്വാസം നല്‍കുവാനും, കൂട്ടായ്മയില്‍ സഹായിക്കുവാനും ഇന്ന് കര്‍ത്താവും ക്രൂശിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
'അവന്‍ നിങ്ങളോടു പറയുന്നതെന്തും ചെയ്യുക' (യോഹന്നാന്‍ 2:5) എന്ന് കാനായിലെ കല്യാണവിരുന്നിന്റെ അവസരത്തില്‍ മറിയം പറഞ്ഞ വാക്കുകള്‍, അവളുടെ ഇച്ഛാശക്തിയെ വെളിപ്പെടുത്തുന്നുവെന്നും, താന്‍ ആവശ്യപ്പെടുന്നത് പുത്രന്‍ നിറവേറ്റും എന്ന വിശ്വാസം പരിശുദ്ധ അമ്മയ്ക്ക് ഉണ്ടായിരുന്നുവെന്നതും പാപ്പാ അനുസ്മരിച്ചു.
ഒരു വാക്ക് പോലും പാഴാകാന്‍ അനുവദിക്കാതെ, പ്രവാചകധീരത ജീവിതത്തില്‍ പുലര്‍ത്തുവാന്‍ മറിയം നമ്മോട് ആവശ്യപ്പെടുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. സമാധാനം നമ്മെ നിരായുധരാക്കുന്നുവെന്നും, എന്നാല്‍ ഇത് പ്രതിരോധമല്ല സാഹോദര്യമാണെന്നും, അന്ത്യശാസനമല്ല, സംഭാഷണമാണെന്നും, ഇത് ശത്രുവിന്റെ മേല്‍ വിജയങ്ങളുടെ ഫലമായല്ല, മറിച്ച് നീതിയുടെയും ധൈര്യപൂര്‍വകമായ ക്ഷമയുടെയും ഫലമായിട്ടാണെന്നും പാപ്പാ എടുത്തുപറഞ്ഞു.
തുടര്‍ന്ന്, എളിമയുടെ ജീവിതപാഠവും പാപ്പാ മറിയത്തിന്റെ മാതൃക ചൂണ്ടിക്കാട്ടി വിവരിച്ചു. മറിയത്തിന്റെ സ്‌തോത്രഗീതം വിവരിക്കുന്നതുപോലെ, ശക്തരുടെ വീക്ഷണകോണില്‍ നിന്നല്ല, വിധവ, അനാഥ, അപരിചിതന്‍, മുറിവേറ്റ കുട്ടി, നാടുകടത്തപ്പെട്ടവന്‍, ഒളിച്ചോടിയവന്‍ എന്നിവരുടെ വീക്ഷണകോണില്‍ ചരിത്രത്തിലെ സംഭവങ്ങളെ വിലയിരുത്തണമെന്നും, അവിടെയാണ് നീതിയുടെയും സമാധാനത്തിന്റെയും ഒരു രാജ്യം കെട്ടിപ്പടുക്കുവാന്‍ സാധിക്കുന്നതെന്നും പാപ്പാ പറഞ്ഞു. കര്‍ത്താവിന്റെ കരങ്ങളില്‍ സമാധാനത്തിന്റെ ഉപകരണങ്ങള്‍ ആയിത്തീരുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.