238 ദിവസം പായ് വഞ്ചിയില്‍ ലോകം ചുറ്റി; വനിതാ നാവികര്‍ ദില്‍നയെയും രൂപയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:ഇന്ത്യന്‍ നാവികസേനയിലെ ലെഫ്റ്റനന്റ് കമാന്‍ഡര്‍മാരായ കെ. ദില്‍ന, എ. രൂപ എന്നിവരുടെ ലോകം ചുറ്റിയുള്ള സാഹസിക പായ്വഞ്ചിയാത്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തിന്റെ' 126-ാമത് എപ്പിസോഡില്‍ അഭിമാനപൂര്‍വം പ്രശംസിച്ചു.
238 ദിവസം കൊണ്ട് ഭൂമിയെ വലംവെച്ച ഇവരുടെ അവിശ്വസനീയമായ നേട്ടം സ്ത്രീശാക്തീകരണത്തിന്റെ പുതിയ അധ്യായമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
മലയാളിയായ കെ. ദില്‍നയും തമിഴ്നാട് സ്വദേശിനിയായ എ. രൂപയും ഐഎന്‍എസ് വി തരിണി എന്ന പായ്വഞ്ചിയില്‍ നടത്തിയ ഈ ലോകയാത്ര 2024 ഒക്ടോബര്‍ രണ്ടിന് ഗോവയില്‍ നിന്നാണ് ആരംഭിച്ചത്.
ഈ വനിതാ നാവികരുടെ ധീരമായ യാത്ര നിരവധി സ്ത്രീകള്‍ക്ക് പ്രചോദനവും മാതൃകയുമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ വിശേഷങ്ങള്‍ ദില്‍നയും രൂപയും പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.
ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമായ പോയിന്റ് നെമോ കടന്നുപോയതുള്‍പ്പെടെ വെല്ലുവിളികള്‍ നിറഞ്ഞ അനുഭവങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.
വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട് ലക്ഷ്യം പൂര്‍ത്തിയാക്കിയ ഇവര്‍ ഓരോ പൗരനും അഭിമാനമാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു.