ജോലി ചെയ്തിരുന്ന കമ്പനിയില്‍നിന്നും 2 കോടി തട്ടി ഒളിവില്‍പോയി; മുംബൈയിലെ തട്ടിപ്പുകേസ് പ്രതി കൊച്ചിയില്‍ പിടിയില്‍

 
erty


കൊച്ചി: മുംബൈ മാഹിം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസിലെ പ്രതിയെ കൊച്ചിയില്‍ പിടികൂടി. കാഞ്ഞിരമറ്റം കുലയറ്റിക്കര സ്വദേശി സി.ആര്‍. ശ്രുതി (34) ആണ് പിടിയിലായത്. മുംബൈയില്‍ ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് കമ്പനി എം.ഡി.യുടെ പരാതിയില്‍ മാഹിം പോലീസ് കേസെടുത്തത്.

മുംബൈ ഓഫീസില്‍ ജോലി ചെയ്തിരുന്ന ശ്രുതി സഞ്ജയ് വലവാല്‍ക്കറാണ് ഒന്നാം പ്രതി. ഇവരെ നേരത്തേ മുംബൈയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പുവിവരം പുറത്തുവന്നതിനെ തുടര്‍ന്ന് സി.ആര്‍. ശ്രുതി ഒളിവില്‍ പോകുകയായിരുന്നു.

ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് മുംബൈ മാഹിം പോലീസ് കൊച്ചി സിറ്റി പോലീസിന്റെ സഹായം തേടി. എറണാകുളം സെന്‍ട്രല്‍ എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരവേ കാക്കനാട് നിലംപതിഞ്ഞമുകളില്‍ ഇവര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് കണ്ടെത്തി.
പ്രതിയെ അവിടെ നിന്ന് മുംബൈ മാഹിം പോലീസ് കൊച്ചി പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് മുംബൈ മാഹിം പോലീസ് പ്രതിയെ കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങി മുംബൈയ്ക്ക് കൊണ്ടുപോയി.

Tags

Share this story

From Around the Web