വിവാഹമുറപ്പിച്ച് മടങ്ങി, പുതിയ വീടിന്റെ സന്തോഷം മായും മുൻപ് മരണം; റഷ്യൻ മിസൈൽ ആക്രമണത്തിൽ നഷ്‌മായത് മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വലിയ സ്വപ്നങ്ങൾ
 

 
Akhil

വെള്ളരിക്കുണ്ട്: കളിക്കളത്തിലും ജീവിതത്തിലും വലിയ സ്വപ്നങ്ങൾ ചിറകിലൊതുക്കിയിരുന്ന അഖിൽ ജോയന്റെ അകാലവേർപാടിന്റെ ഞെട്ടലിലാണ് വെള്ളരിക്കുണ്ടുകാർ. റോപ്പ് പുൾഅപ്പിൽ ലോക റെക്കോഡിലേക്കുവരെ എത്തിയ ഈ യുവതാരം, റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ കപ്പലിൽ മിസൈൽ പതിച്ചാണ് ദാരുണമായി കൊല്ലപ്പെട്ടത്.

പത്തൊൻപതാം വയസ്സിൽ മർച്ചന്റ് നേവിയിൽ ചേർന്ന അഖിൽ, വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ വാലിപ്ലാക്കൽ ജോയന്റെയും സാലിയുടെയും ഏകമകനാണ്. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂളിൽ പഠനകാലത്ത് മറ്റു കായിക ഇനങ്ങൾക്കൊപ്പം വടംവലിയിലും റോപ്പ് പുൾഅപ്പിലും മികവുകാട്ടിയിരുന്നു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്ന കുടുംബത്തിന് സ്വന്തമായി ഒരു വീട് നിർമ്മിക്കുക എന്നതായിരുന്നു അഖിലിന്റെ ഏറ്റവും വലിയ സ്വപ്നം. കഠിനാധ്വാനത്തിലൂടെ ഒരു വർഷം മുൻപ് പുതിയ വീടൊരുക്കി അവർ ഗൃഹപ്രവേശം നടത്തി.

ഈ വർഷാവസാനം നാട്ടിലെത്തുമ്പോൾ വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു കുടുംബം. ഒരു മാസം മുൻപ് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും വിവാഹസ്വപ്നങ്ങൾ പങ്കുവെച്ച് നിറഞ്ഞ സന്തോഷത്തോടെയാണ് അഖിൽ ജോലിസ്ഥലത്തേക്ക് തിരികെപ്പോയത്. എന്നാൽ കപ്പലിൽ പതിച്ച റഷ്യയുടെ മിസൈൽ അഖിൽ ഉൾപ്പെടെ ഒമ്പതുപേരുടെ ജീവനെടുക്കുകയായിരുന്നു. ഈ ആക്രമണത്തിൽ എട്ടുപേർ രക്ഷപ്പെട്ടിട്ടുണ്ട്.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ വീട്ടുകാർക്ക് ലഭിച്ചിട്ടില്ല. ഏകമകൻ ദാരുണമായി കൊല്ലപ്പെട്ടതിന്റെ ദുഃഖത്തിൽ തളർന്നിരിക്കുകയാണ് ജോയനും ഭാര്യ സാലിയും ബന്ധുക്കളും.

Tags

Share this story

From Around the Web