2004ല്‍ കേരള രാഷ്ട്രീയം വിട്ടതാണ്. എല്‍ഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന രണ്ടു കാര്യങ്ങള്‍ ഇന്നലെയും ആവര്‍ത്തിച്ചു, പ്രതികരിക്കണമെന്ന് തോന്നി: എ.കെ ആന്റണി

മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തനിക്കെതിരെ ഏകപക്ഷീയമായ അക്രമണങ്ങള്‍ നടക്കുന്നു. 2004 കേരള രാഷ്ട്രീയം വിട്ടതാണ്. എല്‍ഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന രണ്ടു കാര്യങ്ങള്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഒന്ന് ശിവഗിരിയും രണ്ട് മുത്തങ്ങയുമാണ്.
താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. തന്റെ അഭ്യര്‍ഥന മാനിച്ചാണ് ചേര്‍ത്തല സ്‌കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്‌കൂള്‍ എന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ കാര്യം 1995 ല്‍ ശിവഗിരിയില്‍ നടന്നു.
ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിനെ അയക്കേണ്ടി വന്നു.നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അധികാര കൈമാറ്റം നടത്തിയിരിക്കണം എന്ന് കോടതി ഉത്തരവിട്ടു. എല്ലാ നടപടിയും പൊലീസ് എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവ് വന്നയുടനെ അല്ല പൊലീസ് പോയത്.
പ്രകാശാനന്ദയ്ക്ക് ചുമതല കെമാറാന്‍ ശാശ്വതീകാനന്ദയും കൂട്ടരും തയ്യാറായില്ല. ശിവഗിരി കാവി വത്കരിക്കുമെന്ന് വാദിച്ചു.
കീഴ്‌കോടതി വിധികള്‍ പ്രകാശാനന്ദയ്ക്ക് അനുകൂലമായിരുന്നു. ഹൈക്കോടതി വിധിയുമായി 2 തവണ പോയിട്ടും അധികാര കൈമാറ്റം നടന്നില്ല. മൂന്നാം വട്ടം കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു.
21 വര്‍ഷമായിട്ട് ഇത് പാടിക്കൊണ്ട് നടക്കുന്നു. ഇ കെ നായനാര്‍ അധികാരത്തില്‍ വന്നശേഷം ഒരു കമ്മീഷനെ വച്ചു. ശിവഗിരിയില്‍ നടന്ന സംഭവങ്ങള്‍ അന്വേഷിക്കാനായിരുന്നു കമ്മീഷന്‍.
സര്‍ക്കാരിനോട് തനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്, സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുത്തങ്ങ സംഭവത്തില്‍ ഖേദമുണ്ടെന്നും എ കെ ആന്റണി പറഞ്ഞു. ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി നല്‍കിയത് താനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴികേട്ടു. മുത്തങ്ങ വന്യജീവി സങ്കേതമാണ്.
അവിടെ കുടില്‍ കെട്ടിയപ്പോള്‍ എല്ലാ പാര്‍ട്ടികളും മാധ്യമങ്ങളും അവരെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് നിലപാട് മാറി. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കലുണ്ടെന്നും അത് പ്രസിദ്ധീകരിക്കണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു.