മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു; യദുവിന് നിയമസഭയിൽ താത്കാലിക ഡ്രൈവറായി നിയമനം
തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി താത്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം. നിയമസഭയിലെ താത്കാലിക ഡ്രൈവറായാണ് നിയമിച്ചത്.
ജോലിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് യദു കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തന്നെ രംഗത്തെത്തിയിരുന്നു. അന്നത്തെ ഗതാഗതമന്ത്രിക്ക് ഉൾപ്പെടെ കത്ത് നൽകിയിരുന്നു. ഒന്നുകിൽ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞു വിടണമെന്ന് യദു കത്തിൽ പറഞ്ഞു.
ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയാണ് നടുറോഡിൽ വാക്പോര് നടന്നത്. തിരുവനന്തപുരത്ത് പാളയത്തുവെച്ചായിരുന്നു സംഭവം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി.
ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നു. നേരത്തെ യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തത്.