ഇന്റർനെറ്റിൽ നോക്കി മോഷണതന്ത്രങ്ങൾ പഠിച്ചു. പിന്നാലെ ബുർഖ ധരിച്ചെത്തി പൂട്ടിയിട്ട വീടുകൾ കുത്തിത്തുറന്ന് വൻ കവർച്ച. 70 ലക്ഷത്തിന്റെ സ്വർണ്ണവും ഐഫോണും കവർന്ന 25-കാരി അറസ്റ്റിൽ
ഹൈദരാബാദ്: ആഡംബര ജീവിതം നയിക്കാൻ പണം കണ്ടെത്താനായി ബുർഖ ധരിച്ചെത്തി പൂട്ടിയിട്ട വീടുകളിൽ വൻ കവർച്ച നടത്തിവന്ന ഇരുപത്തിയഞ്ചുകാരി ഹൈദരാബാദിൽ പോലീസിന്റെ പിടിയിലായി. പാഗ ജയ (25) എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ വിവിധയിടങ്ങളിലായി നടന്ന അഞ്ചോളം മോഷണക്കേസുകളിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയിൽനിന്ന് പണവും സ്വർണ്ണ-വെള്ളി ആഭരണങ്ങളും ഏറ്റവും പുതിയ ഐഫോൺ 17 മോഡലും ഉൾപ്പെടെ ഏകദേശം 70 ലക്ഷം രൂപ വിലമതിക്കുന്ന തൊണ്ടിമുതലുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഭർത്താവ് പോലും അറിയാതെ പൂർണ്ണമായും രഹസ്യമായി ഇന്റർനെറ്റിലൂടെയാണ് യുവതി പൂട്ടുപൊളിക്കാനും മോഷണം നടത്താനുമുള്ള തന്ത്രങ്ങൾ വശത്താക്കിയത്. കൃത്യം നടത്തുമ്പോൾ പോലീസിനും നാട്ടുകാർക്കും ആളെ തിരിച്ചറിയാതിരിക്കാനും സി.സി.ടി.വി ക്യാമറകളെ വെട്ടിക്കാനുമാണ് ഇവർ ബുർഖ മറയാക്കിയത്.
കറുത്ത നീളൻ ബുർഖയും മുഖം പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രവും കറുത്ത കയ്യുറകളും ധരിച്ച്, കൈയിൽ ഇളം നീല നിറത്തിലുള്ള ബാഗുമായി പൂട്ടിയിട്ട വീടുകളിൽ മോഷണത്തിനെത്തുന്ന യുവതിയുടെ ദൃശ്യങ്ങൾ പ്രദേശത്തെ സി.സി.ടി.വികളിൽ പതിഞ്ഞിരുന്നു. ഒരു ഫ്ലാറ്റിലെ പൂട്ടിയിട്ട വാതിൽ തുറക്കാൻ സാധിക്കാതെ വന്നതോടെ ഇവർ തിരികെ മടങ്ങുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
അതിനിടെ, കേവലം 20 ദിവസത്തിനിടെ പത്ത് വ്യത്യസ്ത വീടുകളിൽ കയറി കവർച്ച നടത്തിയ നവീൻ എന്ന മറ്റൊരു മോഷ്ടാവിനെയും ഹൈദരാബാദ് പോലീസ് പിടികൂടി. ഇയാളിൽനിന്ന് 430 ഗ്രാം സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു.
രണ്ട് അറസ്റ്റുകളിലുമായി കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, പ്രതികൾക്ക് മറ്റ് അന്തർജില്ലാ മോഷണ സംഘങ്ങളുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.