കൈവശം കുരിശും ദൈവമാതാവിന്റെ രൂപവുമുണ്ട്, കരുത്ത് നല്‍കിയ ദൈവത്തോട് നന്ദി പറയുന്നു. ഫൈനലില്‍ വിജയ ഗോള്‍ നേടിയ സ്പാനിഷ് താരം ഫെറാന്‍ ടോറസ്
ന്യൂജേഴ്‌സി: ആവേശം വാനോളം ഉയര്‍ത്തിയ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയ നിര്‍ണ്ണായക ഗോള്‍ നേടിയ സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെറാന്‍ ടോറസിന്റെ വിശ്വാസ സാക്ഷ്യത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
തന്റെ ജീവിതത്തില്‍ ദൈവത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഫൈനല്‍ മത്സരത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്, ടോറസ് സംസാരിച്ച വീഡിയോയും ഫൈനലിന് ശേഷമുള്ള പ്രതികരണ വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ആഴമേറിയ വിശ്വാസം ഉണ്ടായിരിക്കുന്നത് തനിക്ക് വലിയൊരു പിന്തുണ നല്‍കുന്ന കാര്യമാണെന്നും തന്റെ കൈവശം ഒരു കുരിശും പരിശുദ്ധ മറിയത്തിന്റെ രൂപവുമുണ്ടെന്നും തന്നെ സംബന്ധിച്ചു അത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നുമായിരിന്നു താരത്തിന്റെ പ്രതികരണം.
കഴുത്തില്‍ ധരിച്ച മാലയിലാണ് കുരിശും ദൈവമാതാവിന്റെ മെഡലുമുണ്ടായിരിന്നത്. ഇന്നലെ മത്സരത്തിന് ശേഷം ഗ്രൌണ്ടില്‍ നിന്ന് സ്പാനിഷ് ചാനലിനോട് പ്രതികരിച്ചപ്പോഴും അദ്ദേഹം ദൈവത്തിലുള്ള തന്റെ അടിയുറച്ച വിശ്വാസം ഏറ്റുപറഞ്ഞിരിന്നു.
'ഈ ലോകകപ്പിലെ എല്ലാ കാര്യങ്ങളിലും ഞാന്‍ നന്ദിയുള്ളവനാണ്. എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, വിധി നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. മുന്നോട്ട് പോകാനുള്ള കരുത്ത് നല്‍കിയതിന് ദൈവത്തോട് നന്ദി പറയുന്നു.
ഒടുവില്‍, ഒരാള്‍ക്ക് അര്‍ഹമായത് ദൈവം നല്‍കുന്നുവെന്നതാണ് സത്യം.' - 'മാന്‍ ഓഫ് ദി മാച്ച്' പുരസ്‌കാരം നേടിയ സ്പാനിഷ് സ്‌ട്രൈക്കര്‍ പറയുന്നു. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഉടനീളം നിരവധി താരങ്ങളുടെ വിശ്വാസ സാക്ഷ്യം ശ്രദ്ധ നേടിയിരിന്നു.
ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സ്‌പെയിന്‍ കിരീടം നേടുന്നതിന് കാരണമായ ഫെറാന്‍ ടോറസിന്റെ പ്രതികരണം.