'കാണിക്കപ്പണം കാലിനടിയില്‍ ഒളിപ്പിച്ചു'. അമ്പാജി ക്ഷേത്രത്തിലെ മോഷണം സിസിടിവിയില്‍ കുടുങ്ങി.കേസില്‍ മൂന്ന് കരാര്‍ ജീവനക്കാര്‍ അറസ്റ്റില്‍

 
temple



അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്തമായ അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങള്‍ മോഷ്ടിക്കാന്‍ ജീവനക്കാരുടെ ശ്രമം. 

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിശദീകരണവുമായി ബനസ്‌കന്ത ജില്ലാ ഭരണകൂടം രംഗത്തെത്തി.

 ഏകദേശം രണ്ട് മാസം മുന്‍പ് നടന്ന ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ മിഹിര്‍ പ്രവീണ്‍കുമാര്‍ പട്ടേല്‍ അറിയിച്ചു.

കാണിക്കപ്പണം എണ്ണുന്നതിനിടെ ഒരു ജീവനക്കാരന്‍ 1,04,000 രൂപ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എണ്ണാന്‍ വെച്ചിരുന്ന പണത്തിന്റെ കെട്ടുകള്‍ ഇയാള്‍ വളരെ തന്ത്രപരമായി തന്റെ കാലിനടിയില്‍ ഒളിപ്പിച്ചു. 

എന്നാല്‍ ശുചിമുറിയിലേക്ക് പോകാനായി എഴുന്നേറ്റപ്പോള്‍ കാലിനടിയില്‍ ഒളിപ്പിച്ച പണം തറയില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ ഇത് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.


ഉടന്‍ തന്നെ ക്ഷേത്രം ട്രസ്റ്റിന് പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കേസില്‍ മൂന്ന് കരാര്‍ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കേസെടുത്ത് നടപടികള്‍ പുരോഗമിക്കുകയാണെന്നും, സംഭവത്തിന് പിന്നാലെ പ്രതികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Tags

Share this story

From Around the Web