ഡൗണ്‍ സിന്‍ഡ്രം ബാധിച്ച മകനെ രക്ഷിക്കാന്‍ ജീവന്‍ നല്‍കി; ടോം വാന്‍ഡര്‍ വുഡിന്റെനാമകരണ നടപടികള്‍ മുമ്പോട്ട്
സെപ്റ്റിക്ക് ടാങ്കില്‍ വീണ മകനെ രക്ഷിക്കുന്നതിനായി സ്വജീവന്‍ നല്‍കി പിതൃത്വത്തിന്റെ മഹനീയ മാതൃകയായി മാറിയ ഏഴ് മക്കളുടെ പിതാവിന്റെ നാമകരണനടപടികള്‍ പുരോഗമിക്കുന്നു. ടോം വാന്‍ഡര്‍ വുഡിന്റെ നാമകരണനടപടികളുടെ ഭാഗമായുള്ള വിവരശേഖരണം ആരംഭിച്ചതായി യുഎസിലെ വിര്‍ജീനിയയിലുള്ള ആര്‍ലിംഗ്ടണ്‍ രൂപത അറിയിച്ചു.
2008 സെപ്റ്റംബര്‍ 8-നാണ് ആ ദുരന്തം സംഭവിച്ചത്. ആര്‍ലിംഗ്ടണിലെ കുടുംബത്തോടൊപ്പം ഫാമില്‍ ജീവിച്ചിരുന്ന ടോമിന്റെ ഇളയ മകന്‍ ജോസഫ്, യാദൃശ്ചികമായി വീടിന്റെ സെപ്റ്റിക് ടാങ്കിലേക്ക് വീണു. അപകടം മനസ്സിലാക്കിയ നിമിഷം ഒട്ടും മടിക്കാതെ 66 കാരനായ പിതാവ് , വിഷവാതകങ്ങള്‍ നിറഞ്ഞ ആ ടാങ്കിലേക്ക് എടുത്തുചാടുകയായിരുന്നു. സ്വന്തം സുരക്ഷിതത്വം അവഗണിച്ച് മകനെ ടാങ്കിന്റെ വെളിയിലെത്തിച്ചു.
മകന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെങ്കിലും, ടോമിന്റെ ജീവന്‍ ആ ടാങ്കിനുള്ളില്‍ പൊലിഞ്ഞു. ഏഴ് ആണ്‍മക്കളുടെ പിതാവായ ടോം തന്റെ അവസാന ശ്വാസവും രോഗബാധിതനായ മകന് സമ്മാനിച്ച് ഇഹലോകത്തില്‍ നിന്ന് യാത്രയായി.
ടോമിന്റെ ആത്മത്യാഗം പ്രാര്‍ത്ഥനയും വിനയവും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പരമകോടിയായിരുന്നുവെന്ന് ആര്‍ലിംഗ്ടണ്‍ ബിഷപ് മൈക്കല്‍ ബുര്‍ബിഡ്ജ് പറഞ്ഞു. ടോം എഴുതിയ കുറിപ്പുകളും കത്തുകളും അദ്ദേഹത്തെക്കുറിച്ചുള്ള മറ്റ് രേഖകളും രൂപത ഇപ്പോള്‍ ശേഖരിച്ചു വരികയാണ്.
'അപ്പനെ ഇന്നും ഞങ്ങള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു. ഒരു ദിവസം പോലും അപ്പനെ ഓര്‍ക്കാതെ കടന്നുപോകാറില്ല. അപ്പന്റെ ജീവിതം ഇത്രയധികം ആളുകള്‍ക്ക് പ്രചോദനമാകുന്നത് കാണുമ്പോള്‍ അതൊരു വലിയ ആശ്വാസമാണ്.
പ്രത്യേകിച്ച് മാതാപിതാക്കളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒന്നാണ് അപ്പന്റെ ആത്മത്യാഗം,' ടോമിന്റെ മകനായ ക്രിസ് പറഞ്ഞു. ടോം വാന്‍ഡര്‍ വുഡിന്റെ നിസ്വാര്‍ത്ഥ സ്നേഹത്തിന്റെയും ധീരതയുടെയും കഥ ക്രൈസ്തവര്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള എല്ലാ പിതാക്കന്‍മാര്‍ക്കും പ്രചോദനമായി മാറുകയാണ്.