''ഒടുവിൽ മാപ്പ് പറഞ്ഞു''. 'ഇതൊരു തിരിച്ചറിവാണ്'; എൻറോൾ വിലക്കിയതിൽ വിദ്യാർഥികളോട് മാപ്പ് പറഞ്ഞ് ബാർകൗൺസിൽ ചെയർമാൻ

 
NALSAR UNIVERSITY


ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനുനേരേ പ്രതിഷേധിച്ച നിയമ വിദ്യാർഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് വിവാദ നിർദേശമിറക്കിയ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ.) ചെയർമാൻ മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞു.

ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ (നൽസാർ) വിദ്യാർഥികളെയായിരുന്നു വിലക്കിയിരുന്നത്. വിവാദമായതിന് പിന്നാലെ ബാർകൗൺസിൽ ഉത്തരവ് മണിക്കൂറുകൾക്കകം പിൻവലിച്ചിരുന്നു. സംഭവത്തിൽ ചീഫ് ജസ്റ്റിസടക്കം രൂക്ഷ പ്രതികരണം നടത്തിയതിന് പിന്നാലെയാണിപ്പോൾ മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞിരിക്കുന്നത്.

'നിലവിലെ വിവാദവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ എന്റെ വാക്കുകളോ കത്തോ, നമ്മുടെ നിയമ വിദ്യാർത്ഥികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്നു. അങ്ങനെ പറയുന്നതിൽ യാതൊരു മടിയും എനിക്കില്ല.' അദ്ദേഹം പറഞ്ഞു. 


'ഖേദം പ്രകടിപ്പിക്കുന്നത് അഭിമാനത്തിന്റെയോ അഹങ്കാരത്തിന്റെയോ വിഷയമല്ല. അത് നമ്മുടെ വിദ്യാർത്ഥികളുടെ വികാരങ്ങൾക്കും ആശങ്കകൾക്കും പ്രാധാന്യമുണ്ടെന്നുള്ള തിരിച്ചറിവ് മാത്രമാണ്.' മനൻ കുമാർ മിശ്ര പറഞ്ഞു. 

മിശ്രയുടെ മാപ്പപേക്ഷയിൽ ഏതെങ്കിലും സർവ്വകലാശാലയുടെ പേരോ പ്രത്യേക തർക്കത്തെയോ നേരിട്ട് പരാമർശിച്ചിട്ടില്ല.


നൽസാർലെ ബിരുദധാരികളെ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ അഭിഭാഷകരായി എൻറോൾ ചെയ്യരുതെന്ന് എല്ലാ സംസ്ഥാന ബാർ കൗൺസിലുകൾക്കും മനൻ കുമാർ മിശ്ര നേരത്തെ നിർദേശം നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 

ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പങ്കെടുക്കുന്നതിനെതിരെ നടന്ന പ്രചാരണത്തെക്കുറിച്ചുള്ള ആരോപണങ്ങൾ പരിശോധിക്കുകയാണെന്നും അതിന് ഉത്തരവാദികളായവരെ കണ്ടെത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിർദേശത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.


വിവാദമായതിന് പിന്നാലെ ബാർകൗൺസിൽ യോഗം ചേർന്ന് നിർദേശം പിൻവലിക്കുകയായിരുന്നു. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർഥികൾക്ക് അവകാശമുണ്ടെന്നും അതിൽ ബാർകൗൺസിലിന് എന്താണ് കാര്യമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തും ചോദിക്കുകയുണ്ടായി. 

നൽസാറിലെ വിദ്യാർഥികൾക്കോ അവിടത്തെ അധ്യാപകർക്കോ എതിരേ ഒരു ശിക്ഷാനടപടിയുമെടുക്കരുതെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.

Tags

Share this story

From Around the Web