മദ്ധ്യപൂർവ്വദേശങ്ങളിലെ വെടിനിറുത്തൽ പ്രഖ്യാപനത്തിൽ സന്തോഷമറിയിച്ചും കൂടുതൽ പ്രാർത്ഥനകൾ അഭ്യർത്ഥിച്ചും പാപ്പാ

 
Leo papa

മദ്ധ്യപൂർവ്വദേശങ്ങളിൽ മാത്രമല്ല, ലോകം മുഴുവനും വലിയ പിരിമുറുക്കത്തിനും ഭീതിക്കും കാരണമായ സംഘർഷങ്ങൾക്ക് താത്കാലിക വിരാമമിട്ടുകൊണ്ട് രണ്ടാഴ്ചത്തേക്ക് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിൽ തന്റെ സന്തോഷമറിയിച്ച് ലിയോ  പാപ്പാ. ഏപ്രിൽ എട്ടാം തീയതി ബുധനാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയുടെ അവസാനമാണ്, “പ്രതീക്ഷയുടെ അടയാളമെന്ന് വിശേഷിപ്പിച്ച" ഈ തീരുമാനത്തെ പാപ്പാ സ്വാഗതം ചെയ്തത്.

പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ചർച്ചകളിലൂടെയേ സാധിക്കൂ എന്നോർമ്മിപ്പിച്ചുകൊണ്ട്, യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി സംവാദങ്ങൾ പുനഃരാരംഭിക്കാൻ പരിശുദ്ധ പിതാവ് അഭ്യർത്ഥിച്ചു.

ലോകത്തിന്റെ മറ്റിടങ്ങളിൽ തുടരുന്ന സമാന സംഘർഷസാഹചര്യങ്ങൾക്ക് അറുതി വരുത്താനായി, സംവാദമെന്ന മാർഗ്ഗം സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച പാപ്പാ, നയതന്ത്രത്തിന്റേതായ ഈ സംവാദമാർഗ്ഗത്തെ തങ്ങളുടെ പ്രാർത്ഥനകൾ കൊണ്ട് പിന്തുണയ്ക്കാൻ ഏവരെയും ആഹ്വാനം ചെയ്തു.

വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ഏപ്രിൽ 11 ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന സമാധാനത്തിനുവേണ്ടിയുള്ള സായാഹ്നപ്രാർത്ഥനയിൽ തന്നോടൊപ്പം ചേർന്ന് പ്രാർത്ഥിക്കാനും പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.

ഏപ്രിൽ 7 ചൊവ്വാഴ്ച വൈകുന്നേരമാണ് രണ്ടാഴ്ചത്തേക്കുള്ള വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടത്. ഇറാൻ, വടക്കേ അമേരിക്ക, ഇസ്രായേൽ എന്നിവർ ചേർന്ന് ഒരു കരാറിലെത്തിയതിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രഖ്യാപനമുണ്ടായത്. “ഇറാൻ സംസ്കാരത്തെ” നശിപ്പിക്കുമെന്ന തന്റെ ഭീഷണി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പിൻവലിച്ചിരുന്നു.

ട്രംപിന്റെ തീരുമാനമനുസരിച്ച് ഇറാനെതിരെയുള്ള ആക്രമണങ്ങൾ രണ്ടാഴ്ചത്തേക്ക് നിറുത്തിവയ്ക്കുന്നുവെന്ന് ബുധനാഴ്ച രാവിലെ നടത്തിയ ഒരു പ്രഖ്യാപനത്തിലൂടെ അറിയിച്ച ഇസ്രായേൽ പ്രധാനമന്ത്രി എന്നാൽ, ലെബനൻ ഈ ഒഴിവിൽപ്പെടില്ലെന്ന് വ്യക്തമാക്കി. പുതിയ പ്രതിസന്ധി ഉടലെടുത്തതിന് ശേഷം നാളിതുവരെ 1.500 പേരെങ്കിലും ലെബനനിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

Tags

Share this story

From Around the Web