വാങ്ങി വെച്ച മദ്യം എടുത്തു കുടിച്ചു; സുഹൃത്തിനെ തല്ലിക്കൊന്ന കേസില്‍ ഒപ്പം താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: കരമനയില്‍ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഒപ്പം താമസിച്ചിരുന്ന യുവാവ് പൊലീസിന്റെ പിടിയില്‍. കരമന പള്ളിത്താനം സ്വദേശി ശ്രീകണ്ഠന്‍ നായരെയാണ് (55) കഴിഞ്ഞ സെപ്റ്റംബര്‍ 16-ന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക്കിനെ (35) കരമന പൊലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബര്‍ 16-ന് രാവിലെ ശ്രീകണ്ഠന്‍ നായരുടെ മരണവിവരം അയല്‍വാസികളെയും പൊലീസിനെയും ആദ്യം അറിയിച്ചത് പ്രതിയായ രൂപക്ക് തന്നെയാണ്. തുടര്‍ന്ന് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്രീകണ്ഠന്‍ നായരുടെ വാരിയെല്ലുകള്‍ ഒടിഞ്ഞതായി കണ്ടെത്തിയതോടെയാണ് സാധാരണ മരണമല്ലിത് കൊലപാതകമാണെന്ന നിര്‍ണായക വിവരത്തിലേക്ക് പൊലീസ് എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒപ്പം താമസിച്ചിരുന്ന രൂപക്കിനെ കാണാനില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ ഊര്‍ജിതമായ തിരച്ചിലില്‍ കിഴക്കേകോട്ട ഭാഗത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
ഏകദേശം ഒന്നര മാസമായി ശ്രീകണ്ഠന്‍ നായരുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു രൂപക്ക്. പ്രതി വാങ്ങി വെച്ചിരുന്ന മദ്യം ശ്രീകണ്ഠന്‍ നായര്‍ അനുവാദമില്ലാതെ എടുത്തു കുടിച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യപാനത്തിനിടെ ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം കൈയേറ്റത്തില്‍ കലാശിക്കുകയും രൂപക്ക് ശ്രീകണ്ഠന്‍ നായരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.