മനുഷ്യാന്തസ്സും സമാധാനവും മതസ്വാതന്ത്ര്യവും ഉറപ്പാക്കാൻ സ്പാനിഷ് രാഷ്ട്രീയനേതൃത്വങ്ങൾക്ക് ആഹ്വാനമേകി ലിയോ പാപ്പാ
മനുഷ്യാന്തസ്സ് ഉറപ്പാക്കുന്നതും, പൊതുനന്മയും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതും മനുഷ്യകേന്ദ്രീകൃതവുമാകണം, മാനുഷിക കാഴ്ചപ്പാടുകളും നിയമങ്ങളും ഭരണവുമെന്ന് തന്റെ നാലാമത് അപ്പസ്തോലിക യാത്രയുടെ ഭാഗമായി സ്പെയിനിന്റെ പാർലമെന്റിൽ ജൂൺ എട്ടാം തീയതി രാവിലെ നടത്തിയ പ്രഭാഷണത്തിൽ പരിശുദ്ധ പാപ്പാ. നിയമനിർമ്മാണത്തിന്, ഭരണപരമായ പ്രവൃത്തി എന്നതിനൊപ്പം, മനുഷ്യജീവിതത്തിന്റെ പ്രധാന്യം ഉയർത്തിപ്പിടിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായ ഉത്തരവാദിത്വമെന്ന ഉന്നതമൂല്യം കൂടിയുണ്ടെന്നത് മറക്കരുതെന്ന് പാപ്പാ ആവശ്യപ്പെട്ടു. റോമിന്റെ മെത്രാനും കത്തോലിക്കാസഭയുടെ ഇടയനുമെന്ന നിലയിൽ, ജനതകൾക്കും രാജ്യങ്ങൾക്കും ഇടയിലുള്ള സംവാദങ്ങൾക്കായുള്ള സഭയുടെ നിയോഗവും ഉത്തരവിദിത്വവും താൻ തിരിച്ചറിയുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. മാനവികതയ്‌ക്കൊപ്പം സഞ്ചരിക്കുന്ന സഭ അതേസമയം, സഭാസമൂഹങ്ങളും രാഷ്ട്രീയസമൂഹങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ തിരിച്ചറിയുകയും അവയെ മാനിക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. മാനവികസഹവാസവും സഹകരണവും വളർത്തുന്ന പൊതുനന്മയ്ക്കായുള്ള പരിശ്രമമാണ് സഭ നടത്തുന്നതെന്ന് പരിശുദ്ധ പിതാവ് പ്രസ്താവിച്ചു.
സ്പെയിനിന്റെ സമ്പന്നമായ ചരിത്രവും സാംസ്കാരികപാരമ്പര്യവും നാനാത്വസ്വഭാവവും അനുസ്മരിച്ച പാപ്പാ, മനുഷ്യന്റെ മഹത്വവും സ്വാതന്ത്ര്യവും ആത്മീയമാനവും വിലമതിക്കുന്ന ഒരു സമൂഹത്തെ, ധാർമ്മികതയുടെ പിൻബലത്തോടെ വളർത്തിയെടുക്കാൻ ഈ രാജ്യത്തിന് സാധിച്ചിട്ടുണ്ടന്ന് അഭിപ്രായപ്പെട്ടു. നിയമനിർമാണപ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ മനുഷ്യന്റെ മൂല്യവും അവന്റെ അവകാശങ്ങളും കൂടി കണക്കിലെടുക്കണമെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. ഏതൊരു സമൂഹത്തിലുമെന്നപോലെ ഇവിടെയും വ്യത്യസ്തതകളും ഭിന്നാഭിപ്രായങ്ങളും ഉണ്ടെന്നും, എന്നാൽ പരസ്പരബഹുമാനത്തിലൂന്നിയ സംവാദങ്ങളിലൂടെ സമൂഹത്തിൽ ഐക്യവും സമാധാനവും വളർത്താൻ സാധിക്കണമെന്നും പാപ്പാ ജനപ്രതിനിധികളോട് പറഞ്ഞു.
നിർമ്മിതബുദ്ധിയും മനുഷ്യാന്തസ്സും വികസനവും സമാധാനവും ആധുനികലോകവും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ മഞ്ഞീഫിക്ക ഉമാനിത്താസ് (Magnifica humanitas) എന്ന തന്റെ പ്രഥമ ചാക്രികലേഖനത്തിന്റെ കൂടി പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ വളർച്ചയെയും അതിന്റെ കൂടിവരുന്ന ഉപയോഗത്തെയും കുറിച്ച് പരാമർശിച്ച പാപ്പാ, മാനവരാശിയുടെ വർത്തമാന ഭാവി കാലങ്ങളെ വലിയതോതിൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു യാഥാർത്ഥ്യമെന്ന നിലയിൽ അതിന്റെ ഉപയോഗത്തിന് പിന്നിൽ ഉണ്ടായിരിക്കേണ്ട നൈതികതയുടെയും ധാർമികതയുടെയും പ്രാധാന്യം എടുത്തുപറഞ്ഞു. സാങ്കേതികതയുടെ രംഗത്തെ വളർച്ചകൾ മനുഷ്യന്റെ നന്മയ്ക്കായുള്ളവയാണെന്ന കാര്യം മറക്കരുതെന്നും, മനുഷ്യന് പകരമുള്ള ഒന്നായോ, മനുഷ്യനെ മറികടക്കുന്ന ഒന്നായോ സാങ്കേതികത മാറരുതെന്നും പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.
വലിച്ചെറിയൽ സംസ്കാരമുയർത്തുന്ന ഭീഷണി നിലനിൽക്കുന്ന ഇന്നിന്റെ സാമൂഹികസ്ഥിതിയിൽ മനുഷ്യജീവന്റെ പവിത്രതയും തന്റെ പ്രഭാഷണത്തിൽ പ്രത്യേകം പരാമർശിച്ച പരിശുദ്ധ പിതാവ്, ഗർഭസ്ഥശിശു മുതൽ വയോധികർ വരെ ഏവരും മാനുഷികമായ പരിഗണനയും ബഹുമാനവും അർഹിക്കുന്നവരാണെന്ന് ഓർമ്മിപ്പിച്ചു. ഒരു രാഷ്ട്രത്തിന്റെ ധാർമ്മികവളർച്ച, ദുർബലവിഭാഗങ്ങളെ അനുഗമിക്കാനും സംരക്ഷിക്കാനും സ്നേഹിക്കാനുമുള്ള അതിന്റെ കഴിവിൽ കാണാൻ സാധിക്കുമെന്ന് പാപ്പാ പ്രസ്താവിച്ചു.
സമൂഹത്തിന്റെ അടിത്തറയും സാമൂഹ്യജീവിതത്തിന്റെ പാഠ്യഭൂമിയുമെന്ന നിലയിൽ കുടുംബങ്ങൾക്കുള്ള പ്രാധാന്യവും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. അതേസമയം, സാമൂഹിക, മാനവിക മൂല്യങ്ങൾ പകരുന്നതിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള ഉത്തരവാദിത്വവും നിർണ്ണായക പങ്കും പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു.
സ്പെയിനിലും യൂറോപ്പിൽ മുഴുവനിലും വലിയ മാറ്റങ്ങളും വെല്ലുവിളികളും സൃഷ്ടിക്കുന്ന കുടിയേറ്റമെന്ന യാഥാർത്ഥ്യത്തിലേക്കും പരിശുദ്ധ പിതാവ് ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. കുടിയേറ്റക്കാർക്ക് ലഭിക്കേണ്ട മാനുഷികപരിഗണനയും, ആ രംഗത്തുണ്ടാകേണ്ട നീതിയും പ്രത്യേകം എടുത്തുപറഞ്ഞ പാപ്പാ, കുടിയേറ്റക്കാർ ഉൾപ്പെടെ എല്ലാ മനുഷ്യരുടെയും അന്തസ്സ് ഒരുപോലെ മാനിക്കപ്പെടണമെന്ന് ഉദ്‌ബോധിപ്പിച്ചു.
ലോകത്തിന്റെ വിവിധയിടങ്ങളിൽ തുടരുന്ന സായുധസംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും പശ്ചാത്തലത്തിൽ സംസാരിച്ച പാപ്പാ, അവ മാനവികതയുടെ പരാജയമാണെന്ന് ആവർത്തിച്ചു. നീണ്ടുനിൽക്കുന്ന സമാധാനത്തിലേക്ക് നയതന്ത്രമേഖലയിലുൾപ്പെടയുള്ള സംവാദങ്ങൾ വഴി എത്തിച്ചേരാൻ വേണ്ടിയുള്ള പരിശ്രമത്തിന്റെ ആവശ്യം എടുത്തുപറഞ്ഞ പരിശുദ്ധ പിതാവ്, ആയുധങ്ങൾക്ക് താത്കാലിക നിശബ്ദത അടിച്ചേൽപ്പിക്കാൻ സാധിച്ചേക്കാമെങ്കിലും ആധികാരികവും നീണ്ടുനില്കുന്നതുമായ സമാധാനം സൃഷ്ടിക്കാൻ അവയ്ക്ക് സാധിക്കില്ലെന്ന് ഓർമ്മിപ്പിച്ചു.
രാഷ്ട്രീയനേതൃത്വങ്ങളും പാർലമെന്റംഗങ്ങളുമുൾപ്പെടെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ പരസ്പരബഹുമാനത്തോടെയും സഹകരണമനോഭാവത്തോടെയും ചേർന്ന് പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടിയ പാപ്പാ, മനുഷ്യാന്തസ്സും നീതിയും സമാധാനവും ഉറപ്പാക്കുന്നതിൽ ഏവർക്കുമുള്ള ചുമതലയും തന്റെ പ്രഭാഷണതിൽ പരാമർശിച്ചു.
മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കാനുള്ള സഭയുടെ അവകാശത്തെക്കുറിച്ച് പരിശുദ്ധ പിതാവ് പ്രത്യേകം എടുത്തുപറഞ്ഞു. ക്രൈസ്തവവിശ്വാസവുമായി ബന്ധപ്പെട്ട് പാർലമെന്റ് മന്ദിരത്തിലുള്ള ചില ചിത്രങ്ങൾ കൂടി ചൂണ്ടിക്കാട്ടിയ പാപ്പാ, ഓരോ പൊതുതീരുമാനങ്ങളും മജ്ജയും മാംസവുമുള്ള മനുഷ്യരെ, പ്രത്യേകിച്ച് ദുർബലരായവരെക്കൂടി ബാധിക്കുന്നതാണെന്ന് മറക്കരുതെന്ന് ഓർമ്മിപ്പിച്ചു.
തങ്ങളുടെ ചരിത്രത്തിന്റെ വേരുകൾ മറക്കാതെയും, ഭാവിയിലേക്ക് ധൈര്യപൂർവ്വം കണ്ണുനട്ടും കണ്ടുമുട്ടലുകളുടെയും സംസ്കാരത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രത്യാശയുടെയും ഇടമായി തുടരാൻ സ്പെയിനിന് കഴിയട്ടെയെന്ന് പാപ്പാ ആശംസിച്ചു.